ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ അഫ്ഗാനെ നേരിടുന്ന ഓസ്ട്രേലിയൻ ടീമിന് ഭേദപ്പെട്ട തുടക്കം. 6 ഓവർ പവർപ്ലേ അവസാനിച്ചപ്പോൾ 54/3 എന്ന നിലയിൽ ആണവർ. ഓപ്പണർമാരായ കാമറൂൺ ഗ്രീൻ, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പരുക്കേറ്റ നായകൻ ആരോൺ ഫിഞ്ചിനുപകരം വിക്കറ്റ് കീപ്പർ മാത്യൂ വൈഡ് ആണ് ഇന്ന് അവരെ നയിക്കുന്നത്. ഫിഞ്ച്, ടിം ഡേവിഡ്, സ്റ്റാർക്ക് എന്നിവർക്ക് പകരം സ്മിത്ത്, ഗ്രീൻ, റിച്ചാർഡ്സൺ എന്നിവർ ഓസീസ് നിരയിൽ ഇടംപിടിച്ചു.
പേസർ നവീൻ ഉൾ ഹഖ് എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തിൽ ഒരു അനാവശ്യ ഷോട്ടിനു ശ്രമിച്ച വാർണർ ക്ലീൻ ബോൾഡ് ആകുകയായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ അദ്ദേഹം പന്ത് എറിഞ്ഞുതീരുന്നതിന് മുന്നേ തന്നെ ഒരു സ്വിച്ച് ഹിറ്റ് ഷോട്ട് കളിക്കാനായി വലംകയ്യനായി നിൽക്കുകയായിരുന്നു. ഇതുകണ്ട നവീൻ പന്തിന്റെ വേഗം കുറച്ച് 100 കിലോമീറ്റർ സ്പീഡിൽ ഓഫ് കട്ടർ എറിയുകയും വിക്കറ്റ് എടുക്കുകയും ചെയ്തു. 18 പന്തിൽ 5 ബൗണ്ടറി അടക്കം 25 റൺസ് നേടി മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ വാർണർക്ക് കഴിഞ്ഞില്ല.
ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിൽ മോശം ഫോം വേട്ടയാടുന്ന താരങ്ങളിൽ പ്രധാനിയാണ് വാർണർ. ഇന്നത്തെ മത്സരത്തിന് മുൻപ് നടന്ന 3 മത്സരങ്ങളിൽ നിന്നും ആകെ 19 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. ഓവറിന്റെ അവസാന പന്തിൽ 4 റൺസ് എടുത്ത സ്റ്റീവൻ സ്മിത്തിനേക്കൂടി പുറത്താക്കിയ നവീൻ ഉൾ ഹഖ് അഫ്ഗാൻ ടീമിന് മികച്ച തുടക്കം നൽകി. ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ അയർലൻഡിനെ തകർത്ത ന്യൂസിലൻഡ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് ഓസ്ട്രേലിയ വൻ മാർജിനിൽ ജയിക്കുകയും നാളെ ശ്രീലങ്ക ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ ഓസീസിന് സാധ്യതയുള്ളൂ.