ഇങ്ങനെയൊരു ട്വിസ്റ്റ് ആരാധകർ തീരെ പ്രതീക്ഷിച്ച് കാണില്ല. ഗ്രൂപ്പ് 2ൽ നിന്ന് ആദ്യം സെമി ഫൈനലിൽ കയറുന്ന ടീമായിരിക്കും സൗത്താഫ്രിക്കയെന്ന് പ്രതീക്ഷിച്ച ഇടത്താണ് മുട്ടൻ പണിയുമായി നെതർലാൻഡ് എത്തിയത്. വിജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാം എന്ന മത്സരത്തിലാണ് സൗത്താഫ്രിക്ക 13 റൺസിന് തോൽവി ഏറ്റുവാങ്ങിയത്.
ടോസ് നേടിയ സൗത്താഫ്രിക്ക നിർണായക മത്സരത്തിൽ നെതർലൻഡിനെ ബാറ്റിങിന് അയച്ചു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ നെതർലാൻഡ് 158 റൺസാണ് അടിച്ചു കൂട്ടിയത്. ചെയ്‌സിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ ഫോമിലുള്ള ഡികോകിനെ (13 പന്തിൽ 13) മൂന്നാം ഓവറിലെ നാലാം പന്തിൽ തന്നെ നഷ്ട്ടമായിരുന്നു.
പിന്നാലെ 6ആം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയും പുറത്തായി. 20 പന്തിൽ 20 റൺസ് നേടിയ ബാവുമ ഇത്തവണയും നിരാശപ്പെടുത്തി. ഫോമിലുള്ള റൂസ്സോയെ 25 റൺസിലും മർക്രമിനെ 17 റൺസിലും വീഴ്ത്തി നെതർലാൻഡ് സൗത്താഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.
അവസാന 5 ഓവറിൽ 44 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അപ്പോഴേക്കും 6 വിക്കറ്റ് നഷ്ട്ടമായിരുന്നു.
സൗത്താഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകി ക്ലാസൻ ക്രീസിൽ ഉണ്ടായിരുന്നു. 18ആം ഓവറിലെ മൂന്നാം പന്തിൽ ക്ലാസനെയും പുറത്താക്കി നെതർലാൻഡ് മുന്നേറ്റം നേടി. അവസാന ഓവറിൽ 26 റൺസ് വേണമെന്നപ്പോൾ 12 റൺസ് മാത്രമാണ് നേടാനായത്.
ഇതോടെ സൗത്താഫ്രിക്ക ടി20 ലോകക്കപ്പിൽ നിന്ന് പുറത്തായി. ഈ ലോകക്കപ്പിലും മഴ സൗത്താഫ്രിക്കയ്ക്ക് വില്ലനായി നിസംശയം പറയാം. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ജയത്തിനരികെ മഴകാരണം മത്സരം നിർത്തിവെച്ച് ഒരു പോയിന്റ് മാത്രമാണ് നേടിയത്.
ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ ജയിക്കുന്ന ടീമിന് സെമിഫൈനലിൽ കയറാം. അതേസമയം ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു.