ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ നേരിടുന്ന ഇന്ത്യക്ക് കൂറ്റൻ സ്കോർ. വെറും 25 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ 186/5 എന്ന മികച്ച സ്കോർ കണ്ടെത്തിയത്. 16 ഓവറിൽ 125/4 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ. ഇന്ത്യക്കായി ഓപ്പണർ രാഹുലും അർദ്ധസെഞ്ചുറി നേടി.
നായകൻ രോഹിത് ശർമ ഒരിക്കൽ കൂടി നിരാശപ്പെടുത്തി 15 റൺസ് എടുത്ത് പുറത്തായി. കോഹ്‌ലി 26 റൺസും പാണ്ഡ്യ 18 റൺസും എടുത്തു. സിംബാബ്‌വെക്കായി ഷോൺ വില്യംസ് 2 വിക്കറ്റ് വീഴ്ത്തിയ പ്പോൾ മുസ്സരബാനി, സിക്കാന്ധർ റാസ, എൻഗരാവ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സിംബാബ്‌വെയുടെ ഒന്നാം നമ്പർ പേസർ ബ്ലെസ്സിങ്ങ് മുസ്സാരബനി എറിഞ്ഞ പതിനാറാം ഓവറിൽ നാല് ബൗണ്ടറി ഉൾപ്പെടെ 18 റൺസാണ് സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് നേടിയത്. ആദ്യ പന്തിൽ സിംഗിൾ നേടിയ പാണ്ഡ്യ സൂര്യക്ക് സ്ട്രൈക്ക് കൈമാറി. രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർക്ക് മുകളിലൂടെ സ്കൂപ്പ് ഷോട്ട് കളിച്ചും മൂന്നാം പന്തിൽ മിഡ് ഒഫിന് മുകളിലൂടെ ഉയർത്തിയടിച്ചും സൂര്യ ബൗണ്ടറികൾ കണ്ടെത്തി. നാലാം പന്തിൽ സിംഗിൾ നേടിയ സൂര്യ തിരിച്ച് പാണ്ഡ്യക്ക് സ്ട്രൈക്ക് കൈമാറി. അഞ്ചാം പന്തിൽ ഫ്ളിക്ക് ഷോട്ട് കളിച്ച് ഫോർ നേടിയ പാണ്ഡ്യ, അവസാന പന്തിൽ ഷോട്ട് കളിച്ചപ്പോൾ പാഡിൽ കൊണ്ടും ലെഗ് ബൈ ഫോർ ലഭിച്ചു.
വീഡിയോ :
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ കം ഫിനിഷർ ദിനേശ് കാർത്തികിന് പകരം ഋഷബ് പന്ത് എത്തിയതാണ് ഇന്ത്യൻ ടീമിലെ ഒരേയൊരു മാറ്റം. ഓരോ മത്സരം കഴിയുംതോറും മോശം ഫോമിലുള്ള കാർത്തികിനെ മാറ്റി പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇന്ന് പന്ത് വെറും മൂന്ന് റൺസ് നേടി പുറത്തായി. ഇന്ത്യ ഇനി കളിക്കാൻ പോകുന്ന സെമിഫൈനൽ മത്സരത്തിലും പന്തിനെ തന്നെ മനേജ്‌മെന്റ് ഇറക്കുമോയെന്ന് കണ്ടറിയണം.
ഇന്ന് ഇതിന് തൊട്ടുമുമ്പ് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി പാക്കിസ്ഥാൻ സെമി യോഗ്യത നേടിയിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയ്ക്ക് നടന്ന മറ്റൊരു മത്സരത്തിൽ അട്ടിമറിവിജയത്തോടെ നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയ്ക്ക് മടക്കടിക്കറ്റ് നൽകിയിരുന്നു. ഇതും പാക്കിസ്ഥാന്റെ സെമിപ്രവേശനം എളുപ്പമാക്കി. ഇപ്പോൾ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ പാകിസ്ഥാനാണ് ഗ്രൂപ്പ് രണ്ടിൽ ഒന്നാമത് നിൽക്കുന്നത്. ഇന്ന് വിജയിക്കാനായാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി ഇംഗ്ലണ്ടിനെ നേരിടും.