ന്യുസിലാൻഡിനെതിരായ രണ്ടാം ഏകദിനം വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിച്ചു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 12.5 ഓവറിൽ 1 വിക്കറ്റ് നഷ്ട്ടത്തിൽ 89 റൺസ് നേടിയിരുന്നു. പിന്നാലെയാണ് തടസ്സമായി വീണ്ടും മഴയെത്തിയത്. നേരെത്തെ മഴ കാരണം ഏറെ നേരം മത്സരം നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് 29 ഓവറായി ചുരുക്കി പുനരാരംഭിക്കുകയായിരുന്നു.
10 പന്തിൽ 3 റൺസ് നേടിയ ക്യാപ്റ്റൻ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്. 42 പന്തിൽ 45 റൺസുമായി ഗിലും, 25 പന്തിൽ 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ധവാന്റെ വിക്കറ്റ് മാറ്റ് ഹെൻറിയാണ് വീഴ്ത്തിയത്.
മത്സരത്തിനിടെ മഴയെത്തിയപ്പോൾ പിച്ചിൽ കവർ ചെയ്യാൻ കഷ്ടപെടുന്ന ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന സഞ്ജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രവർത്തിയിൽ കയ്യടി നേടുകയാണ്. അതേസമയം ദീപക് ഹൂഡയെ ടീമിൽ എത്തിക്കാൻ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ടി20 സീരീസിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാത്ത സഞ്ജുവിനെ ആദ്യ ഏകദിനത്തിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. 36 റൺസ് നേടുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഫോം ഔട്ടിൽ ഉള്ള റിഷഭ് പന്തിന് വീണ്ടും അവസരം നൽകിയതും ആരാധകരെ ചോദിപ്പിച്ചിട്ടുണ്ട്.