2011 മാർച്ച് 24, ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടുന്നു, നോക്ക് ഔട്ട് മത്സരങ്ങളിൽ അതും ലോകകപ്പ് പോലെയുള്ള വലിയ വേദികളിൽ ഓസ്ട്രേലിയയെ പോലുള്ള ശക്തരായ ഒരു ടീമിനെ തോല്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്, 2003 ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന്റെ കയ്പ്പേറിയ ഓർമ്മകൾ സച്ചിന്റെയും, സേവാഗിന്റെയും, യുവ് രാജ് സിംഗിന്റെയും, മനസ്സിൽ അന്ന് കടന്ന് വന്നിട്ടുണ്ടാകണം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ റിക്കി പോണ്ടിങ്ങ് നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 260/6 എന്ന മികച്ച സ്കോർ നേടുന്നു, ബ്രറ്റ് ലീ, മിച്ചൽ ജോൺസൺ, ഷോൺ ടൈറ്റ് എന്നിവർ അടങ്ങുന്ന പേസ് ആക്രമണത്തെ അതി ജീവിച്ച് വിജയത്തിലെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സേവാഗ് തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഗൗതം ഗംഭീറും, സച്ചിനും അർധ സെഞ്ച്വറികളുമായി ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, എന്നാൽ ഇരുവരും മടങ്ങിയതോടെ ഇന്ത്യ 187/5 എന്ന നിലയിൽ ആയി, ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ വീണ്ടും ഓസ്ട്രേലിയക്ക് മുന്നിൽ അടിയറ വെക്കേണ്ടി വരുമോ എന്ന് എല്ലാവർക്കും ആശങ്ക തോന്നിയ നിമിഷം, എന്നാൽ ഈ ലോകകപ്പ് സച്ചിന് വേണ്ടി നേടും എന്ന് മനസ്സിൽ ഉറപ്പിച്ച ഒരാൾ അപ്പോഴും ക്രീസിൽ ഉണ്ടായിരുന്നു സാക്ഷാൽ യുവ് രാജ് സിംഗ്, റൈനയെ കൂട്ട്പിടിച്ച് ആറാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തിക്കൊണ്ട് യുവി ഇന്ത്യക്ക് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.
തുടർച്ചയായി പരമ്പരകൾ കളിക്കേണ്ടി വരുന്നു എന്നൊക്കെ പറഞ്ഞു ദേശീയ ടീമിൽ നിന്നും അവധിയെടുക്കുന്ന ഇപ്പോഴത്തെ പല താരങ്ങളും പക്ഷെ ഐ. പി. എൽ സീസൺ ആകുമ്പോഴേക്കും എല്ലാവരും സീസൺ മുഴുവനായി കളിക്കാൻ സന്നദ്ധരായിരിക്കും, അപ്പോൾ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നു എന്ന പരാതി അവർക്ക് ഉണ്ടാകുന്നില്ല എന്നത് വിരോധാഭാസമാണ്, ഇത്തരം കളിക്കാരിൽ നിന്ന് യുവിയെ വ്യത്യസ്തനാക്കുന്നത് ക്യാൻസർ എന്ന മഹാവ്യാധി തനിക്ക് പിടിപെട്ടു എന്ന് അറിഞ്ഞിട്ടും, ലോകകപ്പ് മൽസരത്തിനിടെ ഗ്രൗണ്ടിൽ ചോര തുപ്പിയിട്ടും ഇന്ത്യക്കും സച്ചിനും വേണ്ടി ഈ ലോകകപ്പ് നേടുന്ന വരെ തനിക്ക് പോരാടിയേ മതിയാകൂ എന്ന ധീരമായ ആ തീരുമാനത്തിന് അദ്ദേഹത്തോട് നമ്മൾ എന്നും കടപ്പെട്ടിരിക്കും.
2011 ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് 90 റൺസ് അവറേജിൽ 362 റൺസ് ആണ് യുവി അടിച്ച് കൂട്ടിയത്, ബാറ്റിംഗിൽ മാത്രമല്ല 15 വിക്കറ്റുകൾ നേടിക്കൊണ്ട് ബോളിങ്ങിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു, പാർട്ട് ടൈം സ്പിന്നർ ആയ യുവിയുടെ സേവനം ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി നന്നായി ഉപയോഗിക്കുകയും ചെയ്തു, 2003 ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം ഏറ്റു വാങ്ങുമ്പോൾ സച്ചിന്റെ മുഖത്ത് അന്ന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല, ലോകകപ്പ് നേട്ടം എന്ന തന്റെ വലിയ സ്വപ്നം ഫൈനലിൽ പൊലിഞ്ഞതിന്റെ നിരാശ ആ മുഖത്ത് കാണാമായിരുന്നു, 8 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പിൽ യുവി മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം ഏറ്റു വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് സച്ചിൻ ആയിരുന്നു, കാരണം മറ്റ് ആരെക്കാളും സച്ചിന് നന്നായി അറിയാം തനിക്ക് വേണ്ടിയാണ് അവൻ ധീരമായി പോരാടിയത് എന്ന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും യുവ് രാജ് സിംഗിനെ പോലെയുള്ള കളിക്കാരെ ഇന്നും ഓർക്കാൻ ഇത്തരം ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടാണ് അവർ മടങ്ങിയത്, നേടിയ റൺസിന്റെയോ വിജയിപ്പിച്ച മത്സരങ്ങളുടെയോ കണക്കുകൾക്കപ്പുറം ഇന്ത്യൻ ക്രിക്കറ്റിനോടും രാജ്യത്തോടും അയാൾ കാണിച്ച സ്നേഹം എന്നും സ്മരിക്കപ്പെടും.
Written By: അഖിൽ. വി.പി. വള്ളിക്കാട്.