2022-23 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നലെ തുടക്കമായിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ സഞ്ജു വി സാംസൺ നായകനായ കേരള ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെയാണ് നേരിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച ബംഗ്ലാദേശ് പര്യടനത്തിൽ ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടി റെക്കോർഡിട്ട ഇഷാൻ കിഷൻ ഉൾപ്പെടുന്ന ടീമാണ് ജാർഖണ്ഡ്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വൈശാഖ് ചന്ദ്രൻ, ഷോൺ റോജർ, എഫ് ഫാനൂസ് എന്നീ താരങ്ങൾക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റമത്സരം ലഭിച്ചു.
കുറച്ച് വർഷങ്ങൾക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയ വെറ്ററൻ താരം രോഹൻ പ്രേമും കഴിഞ്ഞ സീസണിലെ സെഞ്ചുറിവീരൻ യുവതാരം രോഹൻ കുന്നുമ്മലും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 90 റൺസ്. 50 റൺസ് പൂർത്തിയാക്കി കുന്നുമ്മൽ മടങ്ങിയ ശേഷം എത്തിയ ഷോൺ റോജർ 1 റണ്ണും സച്ചിൻ ബേബി റൺ ഒന്നും എടുക്കാതെയും പുറത്തായതോടെ 98/3 എന്ന നിലയിലായ കേരളത്തെ സഞ്ജുവും രോഹൻ പ്രേമും ചേർന്നുനേടിയ 91 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്.
201 പന്ത് നേരിട്ട രോഹൻ പ്രേം 9 ബൗണ്ടറി പായിച്ച് 79 റൺസ് നേടി മടങ്ങി. പിന്നീട് അക്ഷയ് ചന്ദ്രനുമായി 33 റൺസിന്റെ ചെറിയൊരു കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് 72 റൺസ് എടുത്ത സഞ്ജു മടങ്ങിയത്. പിന്നീടു വന്ന ഓൾറൗണ്ടർ ജലജ് സക്സേന റൺഔട്ടായി. എങ്കിലും വൈസ് ക്യാപ്റ്റൻ സിജോമോൻ ജോസഫും അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ പിടിച്ചുനിൽക്കുകയായിരുന്നു. വേർപിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസ് നേടിയിട്ടുണ്ട്. 39 റൺസുമായി അക്ഷയും 28 റൺസുമായി സിജോമോനും ക്രീസിലുണ്ട്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 90 ഓവറിൽ 276/6 എന്ന നിലയിലാണ് കേരളം.
മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് നായകൻ സഞ്ജു വി സാംസൺ കേരളത്തിനായി റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ടീം 98/3 എന്ന പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ ഒരു ഇംപാക്ട് ഇന്നിങ്സ് കളിക്കാൻ സഞ്ജുവിന് സാധിച്ചു എന്നതിൽ ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനിക്കാം. ഈ വർഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തുടർന്നുപോരുന്ന തന്റെ മികച്ച ഫോം ടെസ്റ്റ് ക്രിക്കറ്റിലും തെളിയിക്കാൻ സഞ്ജുവിന് കഴിഞ്ഞു. 108 പന്തിൽ നിന്നും 4 ഫോറും 7 പടുകൂറ്റൻ സിക്സുകളും ഉൾപ്പെടെ 72 റൺസ് എടുത്ത സഞ്ജു ഒരു നായകന്റെ ഇന്നിങ്സാണ് കളിച്ചത്. സ്റ്റെപ് ഔട്ട് ചെയ്ത് സിക്സ് നേടുന്ന സഞ്ജുവിന്റെ വീഡിയോയിൽ നിന്നും എത്രമാത്രം കോൺഫിഡൻസ് ഉൾക്കൊണ്ടാണ് താരം കളിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാം. ഇന്നലെ ട്വിറ്ററിലും ധാരാളം കമന്റുകൾ വന്നിരുന്നു സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട്. അതിലൊന്ന് ഇപ്രകാരമായിരുന്നു… സ്കോർബോർഡിൽ ബൗണ്ടറികളുടെ എണ്ണത്തിനേക്കാൾ സിക്‌സുകൾ നേടിയിട്ടുണ്ട് എങ്കിൽ ഒരു സംശയവും കൂടാതെ ആ താരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന്… അത് സഞ്ജുവല്ലാതെ മറ്റാര്!!!
വീഡിയോ ;