Categories
Cricket Malayalam

ഇന്നത്തെ കിടിലൻ ക്യാച്ചും പിറന്നു ,അത് കഴിഞ്ഞുള്ള കിടിലൻ ആഘോഷവും പിറന്നു ; വീഡിയോ

ചത്തോഗ്രാമിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആദ്യ ഇന്നിംഗ്സിൽ പൊരുതിനിന്ന വാലറ്റം ഇന്ത്യൻ സ്കോർ 400 കടത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഇന്ന് മത്സരം നിർത്തുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിൽ ഫോളോ ഓൺ ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്.

6 വിക്കറ്റ് നഷ്ടത്തിൽ 278 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ശ്രേയസ് അയ്യരെ നഷ്ടമായി. തലേന്നത്തെ സ്കോറിനോട് നാല് റൺസ് മാത്രം കൂട്ടിച്ചേർത്ത് 86 റൺസ് എടുത്ത അയ്യർ പുറത്തായതോടെ ഇന്ത്യക്ക് മികച്ച സ്കോർ കണ്ടെത്താൻ സാധിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. എങ്കിലും എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും 92 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു എല്ലാവരെയും ഞെട്ടിച്ചു. അശ്വിൻ 58 റൺസും കുൽദീപ് 40 റൺസും എടുത്തു പുറത്തായി. അവസാന വിക്കറ്റിൽ 10 പന്തിൽ രണ്ട് തകർപ്പൻ സിക്സ് അടക്കം 15 റൺസ് നേടി പുറത്താകാതെ നിന്ന ഉമേഷ് യാദവിന്റെ മികവിൽ ഇന്ത്യ 404 റൺസിലെത്തി.

കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ പിന്തുടർന്ന ബംഗ്ലാദേശിനെ ഞെട്ടിച്ച് ആദ്യ പന്തിൽ തന്നെ മുഹമ്മദ് സിറാജ് ഓപ്പണർ ശന്റോയെ പന്തിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് യസിർ അലിയെ ഉമേഷ് യാദവ് ക്ലീൻ ബോൾഡാക്കി. സിറാജ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ ശേഷം പിന്നീട് കണ്ടത് ഇടംകൈയ്യൻ ചൈനമാൻ ബോളർ കുൽദീപ് യാദവിന്റെ മാസ്മരിക സ്പെല്ലും. എറിഞ്ഞ രണ്ടാം പന്തിൽ തന്നെ ബംഗ്ലാ നായകൻ ഷക്കീബ്‌ അൽ ഹസനെ സ്ലിപ്പിൽ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ചാണ് തുടക്കം. പിന്നീട് എറിഞ്ഞ ഓരോ പന്തിലും വിക്കറ്റ് നേടുമെന്ന് തോന്നിപ്പിച്ച ബോളിങ് ആയിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പിന്നീട് 3 വിക്കറ്റുകൾ കൂടി വീഴ്ത്തിയ കുൽദീപ് ബംഗ്ലാ താരങ്ങളെ ചെറുത്തുനിൽക്കാൻ അനുവദിച്ചില്ല.

മുപ്പത്തിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ നൂറുൽ ഹസനെ കുൽദീപ് പുറത്താക്കിയ നിമിഷമായിരുന്നു ഇന്നത്തെ മത്സരത്തിലെ മനോഹര മുഹൂർത്തങ്ങളിൽ ഒന്ന്. പന്തിന്റെ ടേണിന് അനുസരിച്ച് ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റിൽ തട്ടി വന്ന പന്ത്, തൊട്ടടുത്ത് ഷോർട്ട് ലെഗിൽ നിൽക്കുകയായിരുന്ന യുവതാരം ശുഭ്മൻ ഗിൽ മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അതിനുശേഷം സ്ലിപ്പിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് ഓടി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്ന നിമിഷങ്ങളും ആരാധകർക്ക് ആവേശംനൽകി. ഈ പന്ത് എറിയുന്നതിന് മുൻപ് ഷോർട്ട് ലെഗ്ഗിൽ നിൽക്കുകയായിരുന്ന ഗില്ലിനെ ആണ് ക്യാമറാമാൻ ഫോക്കസ് ചെയ്തിരുന്നത്. തൊട്ടടുത്ത പന്തിൽ തന്നെ ഗില്ലിന്റെ മികച്ച ക്യാച്ച് പിറന്നു എന്നത് മറ്റൊരു യാദൃശ്ചികതയായി.

വീഡിയൊ:

Leave a Reply

Your email address will not be published. Required fields are marked *