ഇംഗ്ലണ്ടിന്റെ പാക്ക് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് ഈ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാണ് ശ്രമിക്കുന്നത്. കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്. സീനിയർ താരവും മുൻ നായകനുമായ അസ്ഹർ അലിയുടെ വിടവാങ്ങൽ ടെസ്റ്റ് കൂടിയാണ് ഇത്. ഇംഗ്ലണ്ട് ടീമിൽ പേസർ ജെയിംസ് ആൻഡേഴ്സന് വിശ്രമം നൽകി യുവതാരം റേഹൻ അഹമ്മദിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് 18 വയസ്സുകാരനായ റേഹാൻ.
അതിനിടെ ഈ മത്സരത്തിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സെഷനിൽ നിന്നുമുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ടീമിന്റെ മുഖ്യപരിശീലകൻ മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലവും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സും തമ്മിലുള്ള ഒരു രസകരമായ മുഹൂർത്തമായിരുന്നു അത്. ടീമിന്റെ പരിശീലന സമയത്ത് ഇരുവരും തമ്മിൽ ഒരു ചെറിയ മത്സരത്തിൽ ഏർപ്പെട്ടു. ആരാണ് ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്നത് എന്നതായിരുന്നു അവരുടെ മത്സരം.
ഇരുവരും മാറിമാറി അടി തുടങ്ങി. ടീമിലെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് പന്ത് എറിഞ്ഞ് കൊടുത്തുകൊണ്ടിരുന്നു. കോച്ച് മക്കല്ലം അടിക്കുന്നതെല്ലാം മികച്ച ഷോട്ടുകൾ ആയിരുന്നു. എന്നാൽ നായകൻ സ്റ്റോക്സ് അടിച്ച ഷോട്ടുകൾ ഒരുപാട് എണ്ണം മിസ് ഹിറ്റ് ആയിരുന്നു. ഒടുവിൽ ദേഷ്യംപിടിച്ച ബെൻ സ്റ്റോക്സ് തന്റെ ബാറ്റ് ഗ്രൗണ്ടിൽ വലിച്ചെറിയുകയായിരുന്നു. എന്നിട്ട് അൽപസമയം നിലത്ത് തലകുമ്പിട്ട് ഇരിക്കുകയും ചെയ്തു. എങ്കിലും കുറച്ച് കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റുവന്ന് മക്കല്ലെത്തെ ആശ്ശേഷിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്.
വീഡിയോ :