ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവതുർക്കികൾ ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം നേടി പുതുവർഷം ഗംഭീരമാക്കി. മുബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 2 റൺസിനായിരുന്നു ഇന്ത്യൻ വിജയം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചു.
നേരത്തെ ഇന്ത്യയുടെ പുതിയ ഓപ്പണർമാരായ കിഷനും ഗില്ലും ആദ്യ 2 ഓവറിൽ 26 റൺസ് നേടിയാണ് തുടങ്ങിയത്. എങ്കിലും അരങ്ങേറ്റമത്സരം കളിക്കുന്ന ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായി. പിന്നീട് വന്ന സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും പെട്ടെന്ന് തന്നെ മടങ്ങി. എങ്കിലും നായകൻ പാണ്ഡ്യയും കിഷനും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 37 റൺസ് എടുത്ത കിഷനും 29 റൺസ് നേടിയ പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ 94/5 എന്ന നിലയിൽ ആയിരുന്നു. എങ്കിലും അവസാന 6 ഓവറിൽ നിന്നും 68 റൺസ് അടിച്ചുകൂട്ടി ഹൂഡയും(41) അക്ഷർ പട്ടേലും(31) ചേർന്ന സഖ്യം ഇന്ത്യക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചു.
ഇന്നലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് 41 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയായിരുന്നു. എങ്കിലും ബാറ്റിങ്ങിന് ഇടയിൽ ഒന്നിലധികം തവണ അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. ആദ്യം പതിനെട്ടാം ഓവറിൽ അമ്പയർ വൈഡ് വിളിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച ഹൂഡ അതിനുശേഷം അവസാന ഓവറിലും വളരെ ദേഷ്യഭാവത്തിൽ കാണപ്പെട്ടു.
കസൺ രജിത എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ മികച്ചൊരു സ്ട്രൈറ്റ് സിക്സ് നേടിയ ഹൂഡ, നാലാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ കൊള്ളാതെ പോകുകയാണ് ഉണ്ടായത്. തുടർന്ന് വളരെ ഉച്ചത്തിൽ അദ്ദേഹം തന്നോടുതന്നെ ദേഷ്യപ്പെടുന്നതും പിച്ചിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നതും കാണാമായിരുന്നു. എങ്കിലും അഞ്ചാം പന്തിൽ ഒരു ബൗണ്ടറി കൂടി നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യ മത്സരം വെറും രണ്ടു റൺസിന് മാത്രമാണ് വിജയിച്ചത് എന്ന് നോക്കുമ്പോൾ ഈ അവസാന ഓവറിൽ അദ്ദേഹം നേടിയ ബൗണ്ടറികളുടെ വില മനസ്സിലാക്കാം.
വീഡിയോ :