ഇന്ത്യയും ശ്രീലങ്കയും ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് ജയം ഇതോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ഷാണക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ട്വന്റി-20 യിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ (7) പെട്ടന്ന് പുറത്തായെങ്കിലും ഇഷാൻ കിഷൻ (37) ഇന്ത്യയെ മുന്നോട്ട് നയിച്ചു, സൂര്യ കുമാർ യാദവും (7) സഞ്ജു സാംസണും (5) നിരാശപ്പെടുത്തിയപ്പോൾ ദീപക് ഹൂഡയും 41* അക്സർ പട്ടേലും 31* ഇന്ത്യയെ നിശ്ചിത 20 ഓവറിൽ 162/5 എന്ന മാന്യമായ സ്കോറിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ നിസങ്കയെ (1) നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ ശ്രീലങ്ക 68/5 എന്ന നിലയിൽ തകർന്നു, എന്നാൽ ക്യാപ്റ്റൻ ഷാനകയും (45) ഹസരംഗയും (21) തകർച്ചയിൽ നിന്ന് ലങ്കയെ കരകയറ്റി, അവസാന ഓവറുകളിൽ നന്നായി കളിച്ച കരുണരത്നയും 23* ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 2 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.
മത്സരത്തിൽ പത്തൊമ്പതാം ഓവർ എറിഞ്ഞ ഹർഷൽ പട്ടേലിന്റെ രണ്ടാമത്തെ ബോൾ ഹൈ ഫുൾടോസ് ആയതിനാൽ അമ്പയർ അനിൽ കുമാർ ചൗധരി നോ ബോൾ വിളിച്ചു, അടുത്ത ബോളിൽ ഫ്രീ ഹിറ്റ് ലഭിക്കുകയും ചെയ്തു, എന്നാൽ ചാമിക്ക കരുണരത്ന ക്രീസിൽ നിന്ന് മുന്നോട്ടേക്ക് ഇറങ്ങിയാണ് ആ ഷോട്ട് കളിച്ചത് എന്ന് റിപ്ലേയിൽ നിന്ന് വ്യക്തമാണ്, അത് കൊണ്ട് തന്നെ അത് നോ ബോൾ അല്ല എന്നാണ് ക്രിക്കറ്റ് ആരാധകർ വാദിക്കുന്നത്.