ചൊവ്വാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ 2 റൺസിന് വിജയം സ്വന്തമാക്കിയിരുന്നു. ഹർദിക് പാണ്ഡ്യ നയിച്ച ടീമിൽ ഏറെയും യുവതാരങ്ങൾ ആയിരുന്നു. ശുഭ്മാൻ ഗില്ലിനും ശിവം മാവിക്കും ട്വന്റി ട്വന്റി അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായെങ്കിലും ശിവം മാവി ബോളിങ്ങിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 41 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് ഓൾഔട്ടായി. അവസാന പന്തുവരെ അനിശ്ചിതത്ത്വം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കൻ ടീം പരാജയം സമ്മതിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം നാളെ പുണെയിലാണ് നടക്കാൻ പോകുന്നത്. വൈകീട്ട് ഏഴുമണി മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും ഡി ഡി സ്പോർട്സിലും തൽസമയം കാണാം.
ഇന്നലെ ഇന്ത്യൻ ഇന്നിങ്സിനിടയിൽ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിങ്ങിനായി ക്രീസിൽ എത്തിയപ്പോൾ കാണിച്ച ആക്ഷൻ മുൻപ് ഏഷ്യ കപ്പിൽ വച്ച് കാണിച്ച് വൈറൽ ആയിമാറിയ ഒന്നായിരുന്നു. ഇതൊക്കെ എന്ത്, എല്ലാം ഞാനേറ്റു എന്ന മട്ടിലുള്ള പാണ്ഡ്യയുടെ ആംഗ്യം ഇന്നലത്തെ മത്സരത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.
അന്ന് ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിൽ പാക്കിസ്ഥാന് എതിരെ ആദ്യം ബോളിംഗിൽ തിളങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തുടർന്നു ബാറ്റിങ്ങിൽ അവസാന ഓവറിൽ നിർണായകമായ പന്ത് മിസ് ആയപ്പോൾ സഹതാരം ദിനേഷ് കാർത്തികിനോട് പേടിക്കേണ്ട ഞാൻ ഏറ്റു എന്ന ഈ ആംഗ്യം കാണിച്ചിരുന്നു. തൊട്ടടുത്ത പന്തിൽ തകർപ്പൻ ബൗണ്ടറി നേടി കൂളായി വിജയം ആഘോഷിക്കുകയായിരുന്നു.
ഇന്നലെ മലയാളി താരം സഞ്ജു വി സാംസൺ പുറത്തായപ്പോൾ 46/3 എന്ന നിലയിൽ ക്രീസിൽ എത്തിയതായിരുന്നു പാണ്ഡ്യ. തുടർന്ന് ക്രീസിൽ ഉണ്ടായിരുന്ന ഓപ്പണർ ഇഷാൻ കിഷനോട് ധൈര്യമായി ഇരിക്കൂ, നമ്മൾക്ക് തകർക്കാം എന്ന മട്ടിലുള്ള ഈ ആംഗ്യം കാണിച്ചുകൊണ്ടാണ് വന്നത്. തുടർന്ന് 4 ബൗണ്ടറികളുമായി നിറഞ്ഞുകളിച്ച അദ്ദേഹം 27 പന്തിൽ 29 റൺസ് നേടിയാണ് മടങ്ങിയത്. നായകനായി ഗ്രൗണ്ടിൽ വളരെ കൂളായി കാണപ്പെട്ട അദ്ദേഹം ഓരോ വിക്കറ്റ് വീഴുമ്പോഴും വളരെ സന്തോഷവാനായി കാണപ്പെടുകയും ബോളർമാരെ അഭിനന്ദിക്കുകയും ചെയ്തു. 13 റൺസ് വേണ്ട നിർണായകമായ അവസാന ഓവർ സ്പിന്നറായ അക്ഷർ പട്ടേലിനെ ഏൽപ്പിക്കാനുള്ള ധൈര്യവും പാണ്ഡ്യ കാണിച്ചു.
വീഡിയോ :