ആദ്യ മത്സരത്തിലെ രണ്ട് റൺസ് പരാജയത്തിന് കണക്കുതീർക്കാൻ അങ്കം കുറിച്ചു വന്നിരിക്കുന്ന ശ്രീലങ്കൻ ടീമിന് രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ വെടിക്കെട്ട് തുടക്കം. 5 ഓവറിൽ 50 റൺസ് പിന്നിട്ട അവർ ഇതുവരെ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ കളിക്കുകയാണ്. അർശദീപ് സിംഗ് തന്റെ ആദ്യ ഓവറിൽ തന്നെ 19 റൺസ് വഴങ്ങിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി ആദ്യ ഓവറിൽ 15 റൺസും വിട്ടുകൊടുത്തു.
പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഫീൽഡിംഗിന് ഇടയിൽ പരുക്കേറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ സഞ്ജു സാംസണ് പകരം രാഹുൽ ത്രിപാഠി ഈ മത്സരത്തിൽ തന്റെ ട്വന്റി ട്വന്റി അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ നല്ല റൺസ് വഴങ്ങിയ ഹർഷൽ പട്ടേലിന് പകരം പേസർ അർഷദീപ് സിംഗും ടീമിലെത്തി.
മത്സരത്തിലെ രണ്ടാം ഓവർ എറിയാൻ എത്തിയ സിംഗ് 5 പന്തുകൾ ചെയ്ത ശേഷം അവസാന പന്ത് എറിഞ്ഞ് ഓവർ പൂർത്തിയാക്കാനുള്ള സമയത്ത് അടുപ്പിച്ച് 3 നോബോൾ എറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു. ആദ്യ പന്തിൽ ബൗണ്ടറി വഴങ്ങിയ ശേഷം പിന്നീടുള്ള 4 പന്തുകളിൽ ഒരു സിംഗിൾ മാത്രം വിട്ടുകൊടുത്ത അദ്ദേഹം അവസാന പന്ത് വൈഡ് ആക്കി. അപ്പോഴാണ് തേർഡ് അമ്പയർ ഫ്രന്റ് ഫുട്ട് നോബോൾ വിളിക്കുന്നത്. ഫ്രിഹിറ്റ് പന്തിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡിസ് ബൗണ്ടറി നേടുകയും ചെയ്തു.
അപ്പോഴാണ് വീണ്ടും സൈറൺ മുഴങ്ങിയത്. വീണ്ടുമൊരു നോബോൾ! അതിന്റെ ഫ്രീഹിറ്റ് ബോൾ സിക്‌സിന് തൂക്കിയ കുശാൽ അത് മുതലാക്കി. ഓവർ പൂർത്തിയാക്കി മടങ്ങാൻനേരം ആ പന്തും നോബോൾ തന്നെയാണെന്ന വിധിവന്നു. ഒടുവിൽ അവസാന പന്തിൽ സിംഗിൾ വഴങ്ങി അർഷദീപ് സിംഗ് ഒരുവിധത്തിൽ മടങ്ങുകയായിരുന്നു. ഒരു പന്തിൽ നിന്നും 14 റൺസ് ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു.
വീഡിയോ :