മുൻനിര ഒന്നാകെ പരാജയപ്പെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയ അക്ഷർ പട്ടേലിനും സൂര്യകുമാർ യാദവിനും ശിവം മാവിക്കും ഒരായിരം നന്ദി, ഇന്ത്യയുടെ പരാജയഭാരം 16 റൺസ് ആക്കി കുറച്ചതിന്. ഇന്നലെ പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയിച്ച ശ്രീലങ്ക പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്നും നയിച്ച നായകൻ ദാസുൻ ശനാക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അവസാന ഒരു ഓവർ എറിഞ്ഞതും വെറും 4 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയതും അദ്ദേഹം തന്നെ.
ശ്രീലങ്ക ഉയർത്തിയ 207 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 9 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ 5 മുൻനിര വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യക്ക് അൽപ്പമെങ്കിലും വിജയപ്രതീക്ഷ നൽകിയത് ആറാം വിക്കറ്റിൽ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്ന് നേടിയ 91 റൺസ് കൂട്ടുകെട്ട് ആയിരുന്നു. 51 റൺസ് എടുത്ത സൂര്യ പുറത്തായശേഷം എത്തിയ ശിവം മാവിയും വമ്പനടികളിലൂടെ ഞെട്ടിച്ചെങ്കിലും വിജയിക്കാൻ അത് മതിയായിരുന്നില്ല. പട്ടേൽ 65 റൺസും മാവി 26 റൺസും എടുത്തു പുറത്തായപ്പോൾ ഇന്ത്യൻ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ 190/8 എന്ന നിലയിൽ അവസാനിച്ചു.
നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീലങ്കയുടെ ബാറ്റിംഗ്. ഹർഷൽ പട്ടേലിന് പകരം ടീമിലെത്തിയ പേസർ അർഷദീപ് സിംഗ് മത്സരത്തിൽ 5 നോബോൾ വഴങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 2 ഓവർ മാത്രം എറിഞ്ഞ താരം വിട്ടുകൊടുത്തത് 37 റൺസ്! കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി ഇന്നലെ നാലോവറിൽ വഴങ്ങിയത് 53 റൺസ്! ഉമ്രാൻ 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറിൽ വഴങ്ങിയത് 48 റൺസ്! 56 റൺസോടെ പുറത്താകാതെ നിന്ന നായകൻ ദാസുൻ ശനകയും 52 റൺസെടുത്ത ഓപ്പണർ കുശാൽ മെൻഡിസുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർമാർ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതൽ വിജയങ്ങൾ അവകാശപ്പെടാറുള്ള പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. രാത്രിയിൽ മഞ്ഞ് പെയ്യാൻ സാധ്യത ഉള്ളതുകൊണ്ട് ബോളിങ് തിരഞ്ഞെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ടോസ് സമയത്ത് അഭിമുഖം എടുത്ത മുരളി കാർത്തിക്, ഈ ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളാണ് കൂടുതലും വിജയിച്ചിട്ടുള്ളത് എന്ന് സൂചിപ്പിച്ചപ്പോൾ “ഓ അങ്ങനെയാണോ.. ഞാൻ അത് അറിഞ്ഞിരുന്നില്ല” എന്നാണ് പാണ്ഡ്യ മറുപടി നൽകിയത്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടിന്റെ മുൻകാലചരിത്രം പരിശോധിക്കാതെയാണോ ഒരു നായകൻ ടോസ് ഇടാൻ വരുന്നത് എന്നാണ് ഇന്ത്യൻ ആരാധകരുടെ ചോദ്യം. അതല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ സംസാരിക്കുകയാണ് ചെയ്തത് എന്ന വാദവുമായും ആരാധകർ രംഗത്തുണ്ട്.
വീഡിയോ :