ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ കൂറ്റൻ വിജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റൺസിനായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയവിജയം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവും കൂടിയാണിത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ വെറും 73 റൺസിൽ അവസാനിച്ചു.
ഓപ്പണർ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ഗിൽ 116 റൺസ് എടുത്ത് പുറത്തായപ്പോൾ കോഹ്ലി 166 റൺസോടെ പുറത്താകാതെ നിന്നു. നായകൻ രോഹിത് ശർമ 42 റൺസും ശ്രേയസ് അയ്യർ 38 റൺസും എടുത്തു പുറത്തായി. കോഹ്ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നടന്ന ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയിരുന്ന കോഹ്ലിയെ തന്നെയാണ് പരമ്പരയുടെ താരമായി തിരഞ്ഞെടുത്തതും.
391 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ നിലംതൊടാൻ അനുവദിക്കാതെ തുടർച്ചയായി 7 ഓവർ ഓപ്പണിംഗ് സ്പെൽ എറിഞ്ഞ്, പേസർ മുഹമ്മദ് സിറാജ് 4 വിക്കറ്റും ഒരു റൺഔട്ടും സ്വന്തം പേരിലാക്കി. മത്സരത്തിൽ 10 ഓവറും എറിഞ്ഞ് പൂർത്തിയാക്കിയ അദ്ദേഹം 5 വിക്കറ്റ് നേട്ടത്തിനായി അവസാനം വരെ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മുഹമ്മദ് ഷമിയും കുൽദീപ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി. ഫീൽഡിംഗിനിടെ പരുക്കേറ്റ ആശേൻ ബന്ദാര ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. 19 റൺസ് എടുത്ത ഓപ്പണർ നുവനിന്ദു ഫെർണാണ്ടോയാണ് അവരുടെ ടോപ് സ്കോറർ.
ശ്രീലങ്കൻ നായകൻ ദാസുൻ ശനാകായെ പുറത്താക്കാൻ കുൽദീപ് യാദവ് എറിഞ്ഞ മാന്ത്രിക പന്ത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് 2019 ഏകദിന ലോകകപ്പിൽ പാക്ക് താരവും ഇപ്പോൾ ടീമിന്റെ നായകനുമായ ബാബർ അസമിനെ പുറത്താക്കാൻ അദ്ദേഹം എറിഞ്ഞ പന്തിന് സമാനമായ ഒരു പന്ത് ആയിരുന്നു ഇന്നത്തേതും. ഇടംകൈയ്യൻ ചൈനമാൻ ബോളറുടെ ടിപ്പിക്കൽ പുറത്താക്കൽ. ഓഫ് സ്റ്റമ്പിന് വെളിയിൽ പിച്ച് ചെയ്ത ശേഷം ബാറ്ററെ കബളിപ്പിച്ച് ബാറ്റിനും പാഡിനും ഇടയിലൂടെപോയി മിഡിൽ സ്റ്റമ്പ് തകർത്ത ഡെലിവറി! ഇന്ത്യൻ ബോളിങ് പതിനഞ്ചാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്.