ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 144 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ടീം ഇന്ത്യ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നാഗ്പൂരിൽ നടക്കുന്ന മത്സരത്തിൽ നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ ആദ്യ ദിനം 177 റൺസിൽ ഓൾഔട്ടാക്കിയ ടീം ഇന്ത്യ, നായകൻ രോഹിത് ശർമയുടെ സെഞ്ചുറി മികവിലും അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടേലിന്റെയും മികവിലും 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എടുത്തിട്ടുണ്ട്.
77-1 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യക്ക് ആദ്യ മണിക്കൂറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കളിക്കാൻ സാധിച്ചെങ്കിലും പിന്നീട് തകർച്ച നേരിട്ടു. 23 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ അശ്വിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സീനിയർ താരങ്ങളായ പൂജാര 7 റൺസും കോഹ്‌ലി 12 റൺസും എടുത്ത് പുറത്തായപ്പോൾ, അരങ്ങേറ്റമത്സരം കളിക്കുന്ന താരങ്ങളായ സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തും 8 റൺസ് വീതം എടുത്ത് പുറത്തായി. എങ്കിലും ഒരറ്റത്ത് വിക്കറ്റ് കളയാതെ ബാറ്റ് ചെയ്ത നായകൻ രോഹിത്, ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് 120 റൺസ് എടുത്ത് പുറത്തായി. ജഡേജയും അക്ഷറും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ഇന്നത്തെ ദിവസം അവസാനിപ്പിച്ചു.
അതിനിടെ മത്സരത്തിൽ ഒരു രസകരമായ നിമിഷമുണ്ടായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ രോഹിതും ജഡേജയും തമ്മിലുള്ള കൂട്ടുകെട്ടിന് ഇടയ്‌ക്കായിരുന്നു സംഭവം. 76.1 ഓവറിൽ ഇന്ത്യ 217-5 എന്ന നിലയിൽ ആയിരുന്നു അപ്പോൾ. മാർണസ് ലബുഷൈൻ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ ജഡേജ ഡിഫൻസീവ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ എഡ്ജ് എടുത്ത് പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയി.
അന്നേരം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്റ്റീവൻ സ്മിത്ത് ആണ് പന്തിന്റെ പിന്നാലെ ഓടിയത്. ആദ്യം വേഗത്തിൽ ഓടിയ ശേഷം പിന്നീട് പതിയെ ഓട്ടത്തിന്റെ വേഗം കുറച്ച സ്മിത്തിനെ കണ്ടപ്പോൾ ജഡേജ ഡബിൾ എടുക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ രോഹിത് അദ്ദേഹത്തെ മടക്കിയയ്ക്കുകയായിരുന്നു. അന്നേരം രോഹിത് പറഞ്ഞ വാക്കുകൾ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുന്നത്. സ്മിത്ത് ഒരു ഭ്രാന്തനാണ്… അവൻ എന്താ ചെയ്യുക എന്ന് പറയാൻ കഴിയില്ല… അതുകൊണ്ട് സിംഗിൾ മതി.. എന്നായിരുന്നു രോഹിത് ഹിന്ദിയിൽ സൂചിപ്പിച്ചത്.