ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത എന്താണ് എന്നാൽ ചേതശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരം ആണിത്. ഇന്ത്യയുടെ വൺ ഡൗണിലെ വർഷങ്ങളായുള്ള വിശ്വസ്ത ബാറ്റ്സ്മാൻ ആണ് പൂജാര.
രാഹുൽ ദ്രാവിഡ് വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക് ബാറ്റ് ചെയ്യാൻ എത്തി ഇന്ത്യയുടെ വൻമതിൽ എന്ന പേര് സ്വന്തമാക്കിയ കളിക്കാരനാണ് പുജാര. മറ്റുള്ള കളിക്കാർ എല്ലാവരും ഏകദിനത്തിലും ടെസ്റ്റിലും T20യിലും ഒരുപോലെ ശ്രദ്ധ ചെലുത്തിയപ്പോൾ പൂജാരയുടെ ശ്രദ്ധ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന പേരിൽ പൂജാര അറിയപ്പെട്ടു.
ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമാണ് പൂജാര. 35 കാരനായ പുജാര ആദ്യ മത്സരം കളിച്ചത് 2010ലാണ്. 13 വർഷമായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖമായി മാറിയ കളിക്കാരൻ ആണ് പൂജാര. പലപ്പോഴും സ്ലോ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട് എങ്കിലും പൂജാര ആ കളി തന്റെ ഐഡന്റിറ്റിയായി മാറ്റി. തന്റെ ആദ്യ ടെസ്റ്റ് മത്സരം ഓസ്ട്രേലിയക്കെതിരെയാണ് കളിച്ചത്. ഈയിടെ ഫോം ഔട്ടിന്റെ പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും പൂർവാധികം ശക്തിയോടെ കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം രേഖപ്പെടുത്തി ടീമിൽ തിരിച്ചെത്തി.
ആദ്യ മത്സരം കളിച്ച ടീമിനെതിരെ തന്നെ നൂറാം മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും പൂജാരയുടെ ഇന്നത്തെ മത്സരത്തിനുണ്ട്. ചേതെശ്വർ അരവിന്ദ് പൂജാര എന്നാണ് മുഴുവൻ പേര്.
ഇന്ത്യക്കായി 99 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് പൂജാര 44.16 ആവറേജിൽ 7021 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇന്ത്യക്കായി അഞ്ച് മത്സരങ്ങൾ കളിച്ചു എങ്കിലും സ്ഥിരം താരമായി മാറാൻ കഴിഞ്ഞില്ല. പിന്നീട് ടെസ്റ്റിൽ മാത്രം ഫോക്കസ് ചെയ്തു.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ് പൂജാര. ഇന്ന് നൂറാം മത്സരം കളിക്കാനായി പൂജാര ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ ഗാർഡ് ഓഫ് ഓർഡർ നൽകിയാണ് പൂജാരയെ ഗ്രൗണ്ടിലേക്ക് വരവേറ്റത്. ഓസ്ട്രേലിയൻ ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ക്വാജയും പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണ നിമിഷം ആണിത്. ഗാർഡ് ഓഫ് ഓർഡർ സ്വീകരിച്ച് പൂജാര ഗ്രൗണ്ടിലെത്തുന്ന വീഡിയോ ദൃശ്യം കാണാം.