Categories
Cricket Latest News

ദേ കയ്യിൽ ചോര ! വാർണറിന്റെ ഉറച്ച ബൗണ്ടറി തടുത്തിട്ട്‌ സിറാജ്; വിരലിൽ ചോര പൊടിഞ്ഞിട്ടും ബോളിങ് തുടർന്നു;വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും 132 റൺസിനും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഓസീസ്, ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണ് ശ്രമിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കാണുന്ന ഇന്ത്യക്ക് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ എങ്കിലും വിജയം നേടണം.

ഓസീസ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാറ്റ് റൻഷോക്ക് പകരം ട്രവിസ് ഹെഡിന് അവസരം ലഭിച്ചപ്പോൾ പേസർ സ്കോട്ട് ബോളണ്ടിന് പകരം അരങ്ങേറ്റമത്സരം കളിക്കുന്ന ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കൻഹെമാന് ടീമിലിടം ലഭിച്ചു. ഇന്ത്യൻ നിരയിൽ കായികക്ഷമത തെളിയിച്ച ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവിനുപകരം ടീമിലെത്തി. ടെസ്റ്റിൽ വർഷങ്ങളായി ഇന്ത്യയുടെ മൂന്നാം നമ്പറിലെ വിശ്വസ്ത ബാറ്റർ ചേതേശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്.

അതിനിടെ മത്സരത്തിന്റെ നാലാം ഓവറിൽ തന്നെ ഇന്ത്യയുടെ യുവപേസർ മുഹമ്മദ് സിറാജിന്റെ വിരലിന് പരുക്കേൽക്കുന്ന സംഭവമുണ്ടായി. ഓവറിന്റെ മൂന്നാം പന്തിൽ ഡേവിഡ് വാർണർ കിടിലൻ സ്‌ട്രൈറ്റ്‌ ഡ്രൈവ് കളിച്ചപ്പോൾ തന്റെ വലത്തുവശത്തേക്ക് ചാടി ഉറച്ച ബൗണ്ടറി സേവ് ചെയ്യുകയായിരുന്നു സിറാജ്. പന്ത് തടുത്തിട്ട ശേഷം വലത്തെ തള്ളവിരലിൽ മുറിവേറ്റ് ചോര വന്ന അദ്ദേഹത്തെ ടീം ഫിസിയോ എത്തി പരിശോധിച്ചശേഷം ഒരു ബാൻഡേജ്‌ ഇട്ടു നൽകി. അൽപസമയം മത്സരം തടസപ്പെട്ടുവെങ്കിലും സിറാജ് ബാക്കി മൂന്ന് പന്തുകൾ കൂടി എറിഞ്ഞ് മെയ്ഡൻ ഓവറാക്കിയ ശേഷമാണ് മടങ്ങിയത്. അതിനുശേഷം ഉസ്മാൻ ഖവാജക്കെതിരെ ആറാം ഓവറും സിറാജ് മെയ്ഡനാക്കി. താരത്തിന്റെ പരുക്ക് ഗുരുതരമല്ല എന്നുവേണം കരുതാൻ.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *