ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 263 പിന്തുടർന്ന ഇന്ത്യ 262 റൺസിൽ ഓൾഔട്ടായി. ഒരു റൺ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗ് തുടങ്ങിയ അവർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഇന്നിംഗ്സിൽ ടോപ് സ്കോററായ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. 6 റൺസ് എടുത്ത അദ്ദേഹത്തെ ജഡേജയുടെ പന്തിൽ ശ്രേയസ് അയ്യർ മികച്ചൊരു ക്യാച്ച് എടുത്താണ് പുറത്താക്കിയത്.
വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 66 റൺസ് ആയപ്പോഴേക്കും 4 മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് വൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുന്നതിൽനിന്നും ഇന്ത്യയെ രക്ഷിച്ചത് രണ്ട് കൂട്ടുകെട്ടുകളാണ്. ആദ്യത്തേത് അഞ്ചാം വിക്കറ്റിൽ കോഹ്‌ലിയുടെയും ജഡേജയുടെയും 59 റൺസ് കൂട്ടുകെട്ട്. കോഹ്‌ലി 44 റൺസും ജഡേജ 26 റൺസും എടുത്തു പുറത്തായ ശേഷം 139/7 എന്ന നിലയിലായ ഇന്ത്യ, വീണ്ടും ഒരിക്കൽകൂടി പ്രതിസന്ധി നേരിട്ടു. അപ്പോഴാണ് ഓൾറൗണ്ടർമാരായ അശ്വിന്റെയും അക്ഷർ പട്ടേലിന്റെയും 114 റൺസ് കൂട്ടുകെട്ട്. അശ്വിൻ 37 റൺസും പട്ടേൽ 74 റൺസും എടുത്തു മടങ്ങി.
മത്സരത്തിൽ ഇന്ത്യൻ ടോപ് ഓർഡർ തകർന്ന സമയത്ത് ഗാലറിയിൽ നിന്നും മുഴങ്ങിക്കേട്ട ഒരു ശബ്ദമുണ്ടായിരുന്നു. ഋഷഭ്… ഋഷഭ്… ഋഷഭ്… എന്നുള്ള വിളികൾ! അതേ, ഇത്തരമൊരു അവസ്ഥയിൽ ആരാധകർ ഒരുപാട് മിസ് ചെയ്തത് പന്തിന്റെ പോലെയുള്ള കൗണ്ടർ അറ്റാക്കിങ് ഇന്നിങ്സുകൾ ആയിരുന്നു. ഇന്ത്യൻ ടീമിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ആയിമാറിയ പന്തിന്റെ, ആ ബാറ്റിംഗ് ശൈലി തന്നെയാണ് ഇന്ത്യയെ ഒരുപാട് വിജയങ്ങളിലേക്ക് നയിച്ചിട്ടുള്ളത്.
ടീം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴും യാതൊരു വിധ ഭയവും ടെൻഷനും കൂടാതെ തകർത്തടിച്ച് എതിരാളികളെ വിറപ്പിക്കുന്ന ഇന്നിങ്സുകളുടെ അസാന്നിധ്യം ഇന്ത്യ ഈ സമയങ്ങളിൽ വളരെയധികം അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഒരു വാഹനാപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ഇനിയും ഒരുപാട് മാസങ്ങൾ നീണ്ട വ്യായാമങ്ങളും കഠിനാധ്വാനവും വേണ്ടിവരും. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.