Categories
Cricket Latest News

ഹർഭജനെ ആലിംഗനം ചെയ്ത ശേഷം ലേഡി അമ്പയറെ ആലിംഗനം ചെയ്യാൻ പോയി അഫ്രീദി ,ശേഷം സംഭവിച്ചത് ;വീഡിയോ കാണാം

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ലജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നലെ ഖത്തറിൽ തുടക്കമായിരുന്നു. എല്ലാതവണത്തെയുംപോലെ മൂന്ന് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ്‌ എന്നീ ടീമുകളാണവ. ഇവർ പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയശേഷം കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ മാർച്ച് 20ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും. എല്ലാ മത്സരങ്ങളും നടക്കുന്നത് ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗൗതം ഗംഭീർ നയിച്ച ഇന്ത്യ മഹാരാജാസ് ടീമിനെ ഷഹീദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഏഷ്യ ലയൺസ് ടീം 9 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. 73 റൺസ് എടുത്ത കളിയിലെ താരം മിസ്ബാ ഉൾ ഹഖ്, 40 റൺസ് എടുത്ത ഓപ്പണർ തരംഗ എന്നിവർ മികച്ചുനിന്നു. നായകൻ അഫ്രീദി 12 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി സ്റ്റുവർട്ട് ബിന്നിയും പർവീന്ദർ അവാനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യൂസഫ് പഠാൻ, അശോക് ദിൻഡ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ഉത്തപ്പയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും 54 റൺസെടുത്ത നായകൻ ഗംഭീറും 25 റൺസെടുത്ത മുരളി വിജയും സ്കോർ മുന്നോട്ട് നീക്കി. ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒടുവിൽ 20 ഓവറിൽ 156/8 എന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഹൈൽ തൻവീർ ഏഷ്യ ലയൺസ് ബോളർമാരിൽ മികച്ചുനിന്നു. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഇന്ത്യ മഹാരാജാസ് വേൾഡ് ജയന്റ്സിനെ നേരിടും.

ഇന്നലെ മത്സരം അവസാനിച്ചശേഷം ഒരു രസകരമായ സംഭവമുണ്ടായി. പുറത്താകാതെ നിന്ന ഹർഭജൻ സിങ്ങിനെ ആലിംഗനം ചെയ്തുകൊണ്ട് ഏഷ്യ ലയൺസ് നായകൻ ഷഹീദ് അഫ്രീദി ഗ്രൗണ്ടിൽ നിന്നും യാത്രയാക്കി. അതിനുശേഷം അടുത്തയാൾക്ക്‌ ആലിംഗനം ചെയ്യാനായി കൈനീട്ടിക്കൊണ്ട് അഫ്രീദി മുന്നോട്ട് നീങ്ങിയപ്പോൾ വന്നുപെട്ടത് മത്സരം നിയന്ത്രിച്ചിരുന്ന വനിതാ അമ്പയർ! പെട്ടെന്ന് കൈ പിൻവലിച്ച അഫ്രീദി, ഒരു ചെറുചമ്മലോടെ ഷെയ്ക്ക് ഹാൻഡ് നൽകി നടന്നുനീങ്ങി. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

https://twitter.com/taimoorze/status/1634262963485036544?t=O-LHTnDuCE3Gpx1F3IOczA&s=19

Leave a Reply

Your email address will not be published. Required fields are marked *