ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് എത്തുവാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ ഏറെ സഹായകരമാകും. മറിച്ച് ഇന്ത്യ തോൽക്കുകയാണ് എങ്കിലോ മത്സരം സമനിലയിൽ അവസാനിക്കുകയാണ് എങ്കിലോ ഇന്ത്യയുടെ സാധ്യത ശ്രീലങ്ക ന്യൂസിലാൻഡ് ടെസ്റ്റ് സീരീസിന്റെ വിധിയെ അനുസരിച്ചാകും തീരുമാനമാകുക.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോറാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. സെഞ്ചുറി നേടിയ ക്രിസ് ഗ്രീനിന്റെയും ഉസ്മാൻ ഖ്വാജയുടെയും ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ നേടാൻ സഹായകരമായത്. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ ആറു വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ സ്പിൻ ബോളർമാരെ തുണയ്ക്കുന്ന പിച്ച് ആയിരുന്നുവെങ്കിൽ താരതമ്യേന ബാറ്റിംഗ് പിച്ചാണ് ക്യൂറേറ്റർ ഈ മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശുബ്മാൻ ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ ശക്തമായ നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായിരിക്കുന്നത്. 35 റൺ നേടിയ രോഹിത് ശർമയെ മാത്യു കുന്ഹമാൻ പുറത്താക്കി. ചേതേശ്വർ പൂജാര 41 റൺസ് നേടി ടോഡ് മർഫിയുടെ പന്തിൽ എൽ ബിഡബ്ല്യു പുറത്തായി.
പൂജാര പുറത്തായ ശേഷം ക്രീസിൽ വന്നത് വിരാട് കോഹ്ലിയാണ്. ആരാധകർ ഒന്നടങ്കം കൈയ്യടിച്ചാണ് കോഹ്ലിയെ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചത്. സെഞ്ചുറി നേടി ക്രീസിൽ നിൽക്കുന്ന ഗില്ലിനെ കോഹ്ലി ക്രീസിൽ എത്തിയ ഉടനെ അഭിനന്ദിക്കാൻ മറന്നില്ല. രാജാവും രാജകുമാരനും ഒരേസമയം ക്രീസിൽ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇതിനെപ്പറ്റി പറയുന്നത്. കോഹ്ലി ഗില്ലിനെ അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യം കാണാം.