അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ മത്സരത്തിൽ തിരിച്ചടിക്കുന്ന കാഴ്ചയാണ് മൂന്നാം ദിനമായ ഇന്ന് കാണാൻ കഴിഞ്ഞത്. ഇന്ന് കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ 99 ഓവറിൽ 289/3 എന്ന നിലയിലാണ്. 59 റൺസുമായി വിരാട് കോഹ്‌ലിയും 16 റൺസുമായി ജഡേജയുമാണ് ക്രീസിൽ. ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 191 റൺസ് മാത്രം പിന്നിലാണ് ടീം ഇന്ത്യ ഇപ്പോൾ.
10 ഓവറിൽ 36/0 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ മണിക്കൂറിൽ തന്നെ 35 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. എങ്കിലും പൂജാരയും ഗില്ലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ചായക്ക് പിരിയുന്നതിന് തൊട്ടുമുൻപത്തെ ഓവറിൽ മാത്രമാണ് 42 റൺസ് എടുത്ത പൂജാരയെ പുറത്താക്കാൻ ഓസീസിന് കഴിഞ്ഞത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ചായക്ക് ശേഷം 128 റൺസ് എടുത്ത ഗില്ലീന്റെ വിക്കറ്റ് കൂടി വീഴ്ത്താൻ ഓസീസിന് കഴിഞ്ഞു.
ഇന്ന് മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് വിരാട് കോഹ്‌ലിയുടെ ബാറ്റ് എടുത്ത് പരിശോധിക്കുന്ന ഒരു നർമനിമിഷമുണ്ടായിരുന്നു. 87 ഓവർ കഴിഞ്ഞ് ഇന്ത്യ 258/3 എന്ന നിലയിൽ നിൽക്കെ ആയിരുന്നു അത്. 42 റൺസ് എടുത്ത് നിൽക്കുകയായിരുന്ന കോഹ്‌ലി, ഡ്രിങ്ക്സ് ബ്രേക്കിൽ ഗ്രൗണ്ടിൽ അൽപസമയം കുത്തിയിരിക്കുകയായിരുന്നു.
വെള്ളം കൊണ്ടുവന്ന സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളായ സിറാജും കുൽദീപും സമീപം നിലയുറപ്പിച്ചിരുന്നു. സ്മിത്ത് വന്ന് ബാറ്റ് ഒക്കെയൊന്ന് എടുത്ത് വീശിനോക്കിയ ശേഷം, പിന്നീട് കോഹ്‌ലി എഴുന്നേറ്റപ്പോൾ ബാറ്റിൽ പന്ത് കൊള്ളുന്ന ഭാഗത്തെ കുറിച്ച് ചില നിർദ്ദേശങ്ങളും അറിയിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.