അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസ് ഒന്നാം ഇന്നിംഗ്സ് സ്കോർ 480 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ, മൂന്നാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ 289/3 എന്ന നിലയിലാണ്. സെഞ്ചുറി(128) നേടിയ ശുഭ്മൻ ഗിൽ, 42 റൺസ് എടുത്ത പൂജാര, 35 റൺസ് എടുത്ത നായകൻ രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.
ഇനി 191 റൺസ് കൂടി നേടിയാൽ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യംവയ്ക്കാൻ കഴിയും. 59 റൺസുമായി വിരാട് കോഹ്‌ലിയും 16 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. മത്സരം ജയിക്കാനായാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ട് പ്രവേശനം ലഭിക്കും. മറിച്ച് തോൽവിയോ സമനിലയോ ആണ് ഫലമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം. ശ്രീലങ്ക 2-0ന് പരമ്പര സ്വന്തമാക്കിയാൽ അവർ ഓസ്ട്രേലിയയുമായി ഫൈനൽ കളിക്കും.
ഇന്ന് മത്സരത്തിനിടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത് സഹതാരങ്ങളുടെ മുന്നിൽ അപഹാസ്യനായിപ്പോയ ഒരു നിമിഷമുണ്ടായിരുന്നു. ടോഡ്സ് മർഫി എറിഞ്ഞ 64ആം ഓവറിനിടെ ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഒരു പന്ത് കോഹ്‌ലിയുടെ ബാറ്റിൽ തൊട്ടുതൊട്ടില്ല എന്നമട്ടിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തിയിരുന്നു. അവർ ക്യാച്ച് അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല.
തുടർന്ന് നായകൻ സ്മിത്ത്, കീപ്പർ കാരി, ബോളർ മർഫി എന്നിവർ ചെറിയൊരു കൂടിയാലോചന നടത്തി. റിവ്യൂ എടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു സ്മിത്ത് നിന്നെങ്കിലും മാർഫിയും കാരിയും അത് ഔട്ടല്ല എന്നുപറഞ്ഞ് പിച്ചിന് നടുവിൽ സ്മിത്തിനെ ഒറ്റയ്ക്കാക്കി നടന്നുപോയി. നിസ്സഹായനായി അരയിൽ ഇരുകൈകളും വച്ച് നിന്ന സ്മിത്തിന്റെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഭാവിയിൽ ഒരുപാട് ട്രോൾ മീമുകളിൽ ഇത് പ്രത്യക്ഷപ്പെടുമെന്ന് തീർച്ച.