ഇന്നലെ അവസാനിച്ച വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കിയിരുന്നു. സെഞ്ചുറിയനിൽ നടന്ന ആദ്യ മത്സരത്തിൽ 87 റൺസിന് വിജയിച്ച അവർ, ഇന്നലെ ജോഹാനസ്ബർഗിൽ 284 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 172 റൺസ് ഉൾപ്പെടെ മത്സരത്തിലാകെ 200 റൺസ് എടുത്ത നായകൻ ടെംബാ ബാവുമായാണ് കളിയിലെ താരം. ഓപ്പണർ ഐഡൻ മാർക്രം പരമ്പരയുടെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ ഇന്നിംഗ്സിൽ 320 റൺസ് എടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി വെസ്റ്റിൻഡീസിന് 251 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ മുന്നിൽനിന്നും നയിച്ച നായകൻ ടെമ്പാ ബാവുമയുടെ മികവിൽ അവർ 321 റൺസ് എടുത്തു. എന്നാൽ 391 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ പടയ്ക്ക് 106 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. സൈമൺ ഹാർമറും ജറാൾഡ് കോയിറ്റ്സിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ റബാടയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്നലെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിൽ കാലുതെറ്റി വീണ മഹാരാജിനെ ഒടുവിൽ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്നും കൊണ്ടുപോയത്. കൈൽ മയേഴ്‌സിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ദക്ഷിണാഫ്രിക്ക റിവ്യൂ എടുക്കുകയും അത് ഔട്ടാണെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. ആ നിമിഷത്തിൽ ഗ്രൗണ്ടിൽ ചാടി വിക്കറ്റ് നേട്ടം ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ ആണ് കേശവ് മഹാരാജ് തെന്നിവീണത്. നേരത്തെ മറ്റൊരു ബോളർ മുൾഡർ പരുക്കേറ്റ് മടങ്ങിയതോടെ 4 ബോളർമാരായി ചുരുങ്ങിയിരുന്നു. മഹാരാജും കൂടി പോയതോടെ മൂന്നു പേരായി അവർ ചുരുങ്ങി. എങ്കിലും വെസ്റ്റിൻഡീസ് താരങ്ങൾ ബാറ്റിംഗ് മറന്നതോടെ 3 വിക്കറ്റ് വീതം വീഴ്ത്തിയ സൈമൺ ഹാർമറും ജറാൾഡ് കോയിറ്റ്സിയും ചേർന്ന് അവരെ 106 റൺസിൽ ഓൾഔട്ടാക്കി.