ഇന്നലെ അവസാനിച്ച ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് ജേതാക്കളായിരുന്നു. അഹമ്മദാബാദിൽ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു.
മൂന്നാം ടെസ്റ്റിൽ വിജയം നേടിയ ഓസീസ് പരമ്പരയിൽ തിരിച്ചടിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടംനേടുകയും ചെയ്തു. നാലാം ടെസ്റ്റ് വിജയിക്കാൻ കഴിഞ്ഞാൽ നേരിട്ട് ഫൈനൽ പ്രവേശനം നേടാം എന്ന ലക്ഷ്യവുമായി എത്തിയ ഇന്ത്യക്ക് പക്ഷേ സമനിലയോടെ മടങ്ങേണ്ടിവന്നു. എങ്കിലും ന്യൂസിലൻഡ് ശ്രീലങ്കയെ ഒന്നാം ടെസ്റ്റിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യക്ക് ഫൈനൽ പ്രവേശനം സാധ്യമായി.
നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്നലെ 88 റൺസ് കടവുമായി ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയൻ ടീമിന് നൈറ്റ് വാച്ച്മാൻ മാത്യൂ കാഹ്നേമാന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. അശ്വിനാണ് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയത്. എങ്കിലും രണ്ടാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്ത് ട്രാവിസ് ഹെഡ് – മർണസ് ലഭുഷെയ്ൻ സഖ്യം കളി സമനിലയിലേക്ക് നീട്ടി. ഉച്ചക്ക് ശേഷം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഹെഡിനെ 90 റൺസിൽ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കി.
ഒടുവിൽ മൂന്നാം സെഷനിൽ ഇരുനായകരും സമനിലയ്ക്ക് കൈകൊടുത്തു പിരിയുകയായിരുന്നു. ഇന്ത്യൻ ബോളർമാർ എറിഞ്ഞ് തളർന്നതോടെ നായകൻ രോഹിത് ശർമ, പൂജാരയ്ക്കും ഗില്ലിനും വരെ ഓവർ നൽകിയിരുന്നു. ഗില്ലിന്റെ രണ്ടാം ഓവറിനിടയിൽവെച്ച് ഓസീസ് മത്സരം അവസാനിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.
അങ്ങനെ രണ്ടാം ഇന്നിംഗ്സിൽ 175/2 എന്ന നിലയിൽ കളി നിർത്തി. ലഭുഷെയ്ൻ 63 റൺസോടെയും സ്മിത്ത് 10 റൺസോടെയും പുറത്താകാതെ നിന്നു. മത്സരത്തിൽ 186 റൺസ് എടുത്ത വിരാട് കോഹ്‌ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പിന്നർമാരായ അശ്വിനും ജഡേജയും പരമ്പരയുടെ താരങ്ങളായി സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ലക്ഷ്യമിട്ട് കിണഞ്ഞു പരിശ്രമിച്ചു തളർന്ന് നിൽക്കുന്ന നിമിഷത്തിൽ വിരാട് കോഹ്‌ലിയുടെ ചില തമാശകൾ ഉണ്ടായിരുന്നു. മർണാസ് ലബുഷേയ്‌ൻ ബാറ്റിങ്ങിന് വന്നപ്പോൾ ആയിരുന്നു അത്. “ഇന്ന് വിമാനത്തിൽ ഞാനാണ് ആദ്യം കയറി ഇരിക്കാൻ പോകുന്നത്.. ഞാൻ ഇന്ന് പറ്റുമെങ്കിൽ വിമാനം പറത്തുകയും ചെയ്യും..” എന്നൊക്കെയാണ് കോഹ്‌ലി തട്ടിവിട്ടത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. സഹതാരങ്ങളെ കയ്യിലെടുക്കാൻ ഇത്തരം പൊടിക്കൈകൾ കോഹ്‌ലി മുൻപും പ്രയോഗിക്കാറുണ്ട്.