Categories
Cricket Latest News

6 ,6 ,6 പഴയതിനേക്കാൾ വീര്യം കൂടി ഉത്തപ്പ ! ഹഫീസിനെ ഒരോവറിൽ ഹാട്രിക് സിക്സ് പറത്തി ഉത്തപ്പ ; വീഡിയോ കാണാം

ഇന്നലെ രാത്രി നടന്ന ലജൻഡ്സ് ലീഗിലെ പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ടീം ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഏഷ്യ ലയൺസ് ടീമിനെ 10 വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് പരാജയപ്പെടുത്തിയത്. റോബിൻ ഉത്തപ്പ 88 റൺസോടെയും നായകൻ ഗൗതം ഗംഭീർ 61 റൺസോടെയും പുറത്താകാതെ നിന്നു. ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസ് ടീമിനോട് 9 റൺസിന് പരാജയപ്പെട്ട ഇന്ത്യ, വേൾഡ് ജയന്റ്സ്‌ ടീമിനെതിരെ 2 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസ്, ഓപ്പണർ ഉപുൽ തരംഗയുടെ തകർപ്പൻ അർദ്ധസെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്. സഹ ഓപ്പണർ ദിൽഷൻ 32 റൺസും അബ്ദുൽ റസാഖ് പുറത്താകാതെ 27 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഉത്തപ്പയും ഗംഭീറും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. വമ്പനടികളിലൂടെ സ്കോർ മുന്നോട്ടുനീക്കിയ ഇരുവരും ചേർന്ന് വെറും 12.3 ഓവറിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. നായകൻ ഗംഭീറിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ചുറി നേട്ടമാണിത്.

ഇന്നലെ പക്ഷേ കൂടുതൽ അപകടകാരിയായിരുന്നത് റോബിൻ ഉത്തപ്പയായിരുന്നു. വെറും 39 പന്ത് നേരിട്ട് 11 ഫോറും 5 സിക്‌സും അടക്കമാണ് അദ്ദേഹം 88 റൺസ് എടുത്തത്. മത്സരത്തിൽ ഒരു ഹാട്രിക് സിക്സ് നേട്ടവും അദ്ദേഹം കൈവരിച്ചിരുന്നു. ഏഷ്യ ലയൺസ് ടീമിലെ പാക്ക് സ്പിന്നർ മുഹമ്മദ് ഹഫീസ് എറിഞ്ഞ ഒൻപതാം ഓവറിൽ ആയിരുന്നു അത്. ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ തുടർച്ചയായി ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സ് പായിച്ചാണ് ഉത്തപ്പ തന്റെ അർദ്ധസെഞ്ചുറി കുറിക്കുകയും ഇന്ത്യയുടെ സ്കോർ നൂറ് കടത്തുകയും ചെയ്തത്.

നാലാം പന്തിൽ ഒരു ബൗണ്ടറിയും അഞ്ചാം പന്തിൽ ഒരു സിംഗിളും ഉൾപ്പെടെ 23 റൺസാണ് ആ ഒരോവറിൽ നിന്നും അദ്ദേഹം അടിച്ചെടുത്തത്. അതോടെ 8 ഓവറിൽ 87 റൺസ് നേടിയിരുന്ന ഇന്ത്യ മഹാരാജാസ്, 9 ഓവറിൽ 110 എന്ന നിലയിലെത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ സഹതാരങ്ങളായിരുന്ന ഉത്തപ്പയും ഗംഭീറും വീണ്ടുമൊരിക്കൽ കൂടി നിറഞ്ഞാടിയ മത്സരം കാണികൾക്ക് വിരുന്നായി. ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ഇരുവരുടെയും.

Leave a Reply

Your email address will not be published. Required fields are marked *