മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 35.4 ഓവറിൽ വെറും 188 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. ഇന്ത്യക്കായി പേസർമാരായ ഷമിയും സിറാജും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അവധിയെടുത്ത രോഹിത് ശർമ്മക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ഒന്നാം ഏകദിനത്തിൽ നയിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ ക്ലീൻ ബോൾഡ് ആക്കിയാണ് സിറാജ് തുടക്കമിട്ടത്. എങ്കിലും രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് ഒത്തുചേർന്ന സ്മിത്തും ഓപ്പണർ മിച്ചൽ മാർഷും സ്കോർ അതിവേഗം മുന്നോട്ട് നീക്കി. സ്മിത്ത് നങ്കൂരമിട്ട് കളിച്ചപ്പോൾ മാർഷ് ട്വന്റി ട്വന്റി ശൈലിയിൽ കടന്നാക്രമിച്ച് 65 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പെടെ 81 റൺസ് നേടി. സ്മിത്ത് 22 റൺസും വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ് 26 റൺസും എടുത്തു പുറത്തായി. ഒരു ഘട്ടത്തിൽ 128/2 എന്ന നിലയിൽ ആയിരുന്ന അവർ അവസാന 8 വിക്കറ്റുകൾ 59 റൺസ് എടുക്കുന്നതിനിടെയാണ് നഷ്ടപ്പെടുത്തിയത്.
മത്സരത്തിൽ ഇന്ത്യയുടെ ബോളർമാരിൽ ഏറ്റവും മികച്ചുനിന്നത് പേസർ മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ സ്പെല്ലിൽ 3 ഓവറിൽ 9 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും രണ്ടാം സ്‌പെല്ലിൽ മൂന്ന് ഓവറിൽ 8 റൺസ് വഴങ്ങി രണ്ട് മെയ്ഡൻ ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഓസീസ് ടീമിന്റെ അന്തകനായി. ഓസീസ് ഓൾറൗണ്ടർ കാമറോൺ ഗ്രീനിനെ ഷമി ക്ലീൻ ബോൾഡ് ആക്കിയിരുന്നു. ടെസ്റ്റ് മാച്ച് ലൈനിൽ തുടർച്ചയായ പന്തുകൾ എറിഞ്ഞ അദ്ദേഹം ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു. ഷമിയുടെ സ്ട്രൈറ്റ് പന്ത്, ഡിഫൻസ് കളിക്കാൻ നോക്കിയ ഗ്രീനിന്റെ ഓഫ് സ്റ്റമ്പും കൊണ്ട് പോകുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.
.