വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നായിമാറിയ മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് വനിതകൾ ഗുജറാത്ത് ജയന്റ്സ് ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ജയന്റ്സ് നിശ്ചിത ഇരുപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന മികച്ച ടോട്ടൽ കണ്ടെത്തി. 68 റൺസെടുത്ത ഓപ്പണർ ലൗറ വോൾവർഡ്, 41 റൺസ് നേടിയ ഓൾറൗണ്ടർ ആഷ്‌ലി ഗാർഡ്നർ എന്നിവർ തിളങ്ങി.
എങ്കിലും 36 പന്തിൽ നിന്നും 99 റൺസ് നേടിയ ഓപ്പണർ സോഫി ഡിവൈന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ ബാംഗ്ലൂർ, 15.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂർ ടീം ഒടുവിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് നോക്കൗട്ട് പ്രതീക്ഷകൾ അണയാതെ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിനായി നായിക സ്മൃതി മന്ഥാനയും ഡിവൈനും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 125 റൺസാണ് നേടിയത്. സ്മൃതി 37 റൺസ് നേടി പുറത്തായി. വെറും 8 ഓവറിൽ അവർ സ്കോർ 100 കടത്തി. ഇരുവരും പുറത്തായതോടെ എത്തിയ എല്ലിസ് പെറിയും (19) ഹീതർ നൈറ്റും (22) ചേർന്ന് അവരെ വിജയത്തിലെത്തിച്ചു.
മത്സരത്തിൽ അവിസ്മരണീയ ബാറ്റിംഗ് കാഴ്ച്ചവെച്ച ബംഗളുരു ഓപ്പണർ സോഫി ഡിവൈൻ സെഞ്ചുറിക്ക് ഒരു റൺസ് അകലെയാണ് പുറത്തായത്. ഇത് വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയായി മാറി. ആകെ മൊത്തം 9 ഫോറും 8 സിക്സും അവർ പറത്തിയിരുന്നു. ടനുജ കന്വാർ എറിഞ്ഞ ഒൻപതാം ഓവറിൽ 25 റൺസാണ് പിറന്നത്.
ഓവറിലെ മൂന്നാം പന്തിൽ ഡിവൈൻ നേടിയ സിക്സ് ഗാലറിയുടെ മുകളിലെത്തി. 94 മീറ്റർ ദൂരത്തിൽ എത്തിയ ഈ ഷോട്ട് ടൂർണമെന്റിലെ ഏറ്റവും നീളം കൂടിയ സിക്സ് ആയിമാറുകയും ചെയ്തു. പുരുഷ ക്രിക്കറ്റിൽ തന്നെ വളരെ കുറച്ചുപേർക്ക് മാത്രമേ 90 മീറ്ററിൽ കൂടുതൽ ദൂരമുള്ള സിക്സ് നേടാൻ സാധിച്ചിട്ടുള്ളത്. നാലാം പന്തിൽ ഒരു ബൗണ്ടറി നേടിയ ഡിവൈൻ, അവസാന രണ്ട് പന്തുകളിൽ വീണ്ടും സിക്സുകൾ നേടിയിരുന്നു.