ഇന്നലെ ചെന്നൈയിൽ നടന്ന ഏകദിനപരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയൻ ടീം ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 269 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ ഇന്നിംഗ്സ് 49.1 ഓവറിൽ 248 റൺസിൽ അവസാനിച്ചു. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആദം സാമ്പ കളിയിലെ താരമായും ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ ഇന്നിംഗ്സിൽ ഒരു ഓസീസ് താരത്തിനുപോലും അർദ്ധസെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. എങ്കിലും പൂജ്യത്തിന് പുറത്തായ നായകൻ സ്റ്റീവൻ സ്മിത്ത് ഒഴികെ മറ്റെല്ലാവരും സ്കോർബോർഡിലേക്ക് കൊച്ചുകൊച്ചു സംഭാവനകൾ നൽകിയിരുന്നു. 47 റൺസ് എടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ടോപ് സ്കോററായത്. മുൻനിര താരങ്ങൾ പുറത്തായപ്പോൾ ഇന്ത്യ അവരെ എളുപ്പം പുറത്താക്കാം എന്ന് കരുതിയെങ്കിലും പൊരുതിനിന്ന വാലറ്റം സ്കോർ മുന്നോട്ട് നീക്കി. ഇതും ഇന്ത്യയുടെ പരാജയത്തിന്റെ ഒരു കാരണമായി കണക്കാക്കാം. ഇന്ത്യക്കായി കുൽദീപും പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലും ചേർന്ന് സമ്മാനിച്ചത് മികച്ച തുടക്കമായിരുന്നു. 17 പന്തിൽ 30 റൺസ് അടിച്ചുകൂട്ടിയാണ് രോഹിത് പുറത്തായത്. ഗിൽ 37 റൺസോടെയും മടങ്ങി. തുടർന്ന് വിരാട് കോഹ്‌ലിയും രാഹുലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 32 റൺസ് എടുത്ത രാഹുൽ പുറത്തായശേഷം എത്തിയ അക്ഷർ പട്ടേൽ റൺഔട്ട് ആകുകയും അർദ്ധസെഞ്ചുറി നേടിയ ഉടനെ കോഹ്‌ലി പുറത്താകുകയും ചെയ്തതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൺ ഡക്കായി നാണക്കേടിന്റെ റെക്കോർഡ് കുറിച്ചു.
വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സാണ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയത്. ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും യാതൊരു ടെൻഷനും കൂടാതെ ബാറ്റ് ചെയ്ത പാണ്ഡ്യ ഒടുവിൽ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ഒരുക്കിയ കെണിയിൽ വീണാണ് പുറത്തായത്. സ്പിന്നർ ആദം സാമ്പ നാൽപ്പത്തിനാലാം ഓവർ എറിയാൻ എത്തിയപ്പോൾ ലോങ് ഓൺ ഫീൽഡറെ നേരെ ബോളറുടെ അതേലൈനിൽ വരുന്ന രീതിയിൽ ബൗണ്ടറിയിൽ മാറ്റിനിർത്തിയിരുന്നു. പാണ്ഡ്യ ആദ്യ പന്തിൽതന്നെ നേരെ അവിടേക്ക് തന്നെയാണ് ഷോട്ട് പായിച്ചത്. പക്ഷേ ഭാഗ്യത്തിന് ടൈമിംഗ് തെറ്റികളിച്ചതുകൊണ്ട് ഒരുതവണ പിച്ച് ചെയ്താണ് പന്ത് കയ്യിലേക്ക് പോയത്.
തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോഴും പാണ്ഡ്യ ഇതേ ഷോട്ട് തന്നെ കളിച്ച് ലോങ് ഓൺ ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് നേടാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ ഇത്തവണ പണിപാളി, പന്ത് ലീഡിങ് എഡ്ജ് എടുത്ത് വായുവിൽ ഉയർന്നപ്പോൾ കവറിൽ നിന്നിരുന്ന സ്മിത്ത് തന്റെ ഇടതുവശത്തേക്ക് ഓടി ക്യാച്ച് എടുക്കുകയായിരുന്നു. ഫീൽഡിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തി സമ്മർദ്ദം സൃഷ്ടിച്ച് വിക്കറ്റ് എടുക്കുന്നതിൽ സ്മിത്ത് പണ്ടേ മികവ് തെളിയിച്ചിട്ടുള്ളതാണ്. 40 പന്ത് നേരിട്ട പാണ്ഡ്യ 3 ഫോറും ഒരു സിക്സും അടക്കം 40 റൺസോടെ മടങ്ങി. അതോടെ ഇന്ത്യൻ ഇന്നിങ്സിനും തീരുമാനമായി.