Categories
Uncategorized

ബൗണ്ടറിലൈനിൽ പറന്നെത്തി പവൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു കുട്ടികൾ..വീഡിയോ കാണാം

ട്വന്റി ട്വന്റി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയനിൽ അരങ്ങേറിയത്. രാജ്യാന്തര T-20യിലെ ഏറ്റവും ഉയർന്ന റൺചേസിനുള്ള റെക്കോർഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു അവരുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ്, ജോൺസൺ ചാൾസിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് കണ്ടെത്തി. ക്വിന്റൺ ഡി കോക്കിന്റെ സെഞ്ചുറിയിലൂടെ ദക്ഷിണാഫ്രിക്ക മറുപടി നൽകിയപ്പോൾ ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.

നേരത്തെ മത്സരത്തിന്റെ മൂന്നാം പന്തിൽതന്നെ ഓപ്പണർ കിംഗിനെ നഷ്ടമായ വെസ്റ്റിൻഡീസിന് കയ്ൽ മെയേഴ്സിന്റെയും ജോൺസൺ ചാൾസിന്റെയും കൂട്ടുകെട്ടാണ് മികച്ച തുടക്കം സമ്മാനിച്ചത്. മയേഴ്സ് 27 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്. എങ്കിലും വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന ചാൾസ്, 46 പന്ത് നേരിട്ട്, 10 ഫോറും 11 സിക്സും അടക്കം 118 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ റോവ്‌മാൻ പവൽ (28), റോമാരിയോ ഷേപ്പേർഡ് (41*) എന്നിവരുടെ ഇന്നിങ്സ്സുകൾ കൂടിയായപ്പോൾ വെസ്റ്റിൻഡീസ് 258 എന്ന കൂറ്റൻ ടോട്ടലിൽ എത്തിച്ചേർന്നു.

ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ ഡി കോക്കും ഹെൻറിക്സും അതേ നാണയത്തിൽ തിരിച്ചടിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ മത്സരം ആവേശകരമായി. ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലെ സ്കോർ (6 ഓവറിൽ 102/0) കണ്ടെത്തി അവർ മുന്നേറി. ഒന്നാം വിക്കറ്റിൽ 10.5 ഓവറിൽ 152 റൺസാണ് കൂട്ടിച്ചേർത്തത്. ഡി കോക്ക് 44 പന്തിൽ 9 ഫോറും 8 സിക്സും അടക്കം 100 റൺസും ഹെൻറിക്സ് 28 പന്തിൽ 11 ഫോറും 2 സിക്സും അടക്കം 68 റൺസും എടുത്തു. ഇരുവരും പുറത്തായശേഷം റൂസ്സോയും മില്ലറും വേഗം മടങ്ങിയെങ്കിലും മാർക്രവും (38) ക്ലാസനും (16) ചേർന്ന് അവരെ വിജയത്തിലെത്തിച്ചു.

അതിനിടെ മത്സരത്തിൽ കാണികളെ മുൾമുനയിൽ നിർത്തിയ ഒരു നിമിഷം അരങ്ങേറിയിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം. വെടിക്കെട്ട് ഓപ്പണിംഗ് കാഴ്ചവെച്ച ഡി കോക്കിന്റെ മികവിൽ അവർ 2.4 ഓവറിൽ 54 റൺസ് എടുത്തുനിൽക്കുന്ന നേരം. അടുത്ത പന്തിൽ ലോങ് ഓഫിലേക്ക്‌ ഷോട്ട് കളിച്ച് വീണ്ടുമൊരു ബൗണ്ടറി നേടി അദ്ദേഹം. അവിടേക്ക്‌ പന്തിന്റെ പിന്നാലെ ഓടിയത് നായകൻ റൊവ്മൻ പവൽ ആയിരുന്നു. പവൽ എത്തുമ്പോഴേക്കും പന്ത് അതിർത്തിവര കടന്നെങ്കിലും അദ്ദേഹത്തിന് ഓട്ടം നിയന്ത്രിക്കാൻ സാധിച്ചില്ല. അവിടെയാകട്ടെ രണ്ട് ബോൾ ബോയ്സും ഉണ്ടായിരുന്നു. എങ്കിലും പവൽ സാഹസികമായി ഒരുവിധത്തിൽ ഇരുവരെയും കൂട്ടിയിടിക്കാതെ മറികടന്ന്, ഒടുവിൽ എൽഇഡി ബോർഡിൽ ചെന്നിടിച്ചു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *