അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങോടുകൂടി ഈ വർഷത്തെ ഐപിഎൽ ടൂർണമെന്റിന് തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈ നായകൻ ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയാണ് കരുതപ്പെടുന്നത്. 4 തവണ ജേതാക്കളായ ചെന്നൈ ഒരിക്കൽക്കൂടി കിരീടംചൂടി ധോണിക്ക് മികച്ചൊരു യാത്രയയപ്പ് നൽകാനാണ് ശ്രമിക്കുക.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരത്തിന് മുൻപായി നടന്ന ഉദ്ഘാടന പരിപാടി പ്രശസ്ത താരങ്ങളുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഹിന്ദി ഗായകൻ ആരിജിത്ത് സിംഗ് മനോഹരഗാനങ്ങളുമായി വേദി കീഴടക്കിയപ്പോൾ, തമ്മന്ന ഭാടിയ, രാശ്മിക മന്ദാന എന്നിവരുടെ നൃത്തചുവടുകളും അരങ്ങുകൊഴുപ്പിച്ചു. ശേഷം നായകൻമാരായ ധോണിയും ഹാർദിക്കും എത്തി ട്രോഫിക്കൊപ്പം താരങ്ങളും ചേർന്ന് പോസ് ചെയ്തതോടെ ഐപിഎൽ സീസണ് തുടക്കമായി.
അതിനിടെ ചടങ്ങിൽ സ്റ്റേഡിയത്തിൽവച്ച് ഒരു ആവേശമുഹൂർത്തം അരങ്ങേറിയിരുന്നു. ഗായകൻ ആരിജിത്ത് സിംഗ് ഗാനങ്ങൾ ആലപിച്ചുകൊണ്ടിരിക്കെ ഗാലറിയിൽ ആരവമുയർന്നിരുന്നു. പൊടുന്നനെ നിമിഷനേരത്തെക്ക് ആ ആരവങ്ങൾ ഇരട്ടിയായി. പതിവില്ലാതെ ശബ്ദം ഉയർന്നപ്പോൾ അദ്ദേഹം അമ്പരന്നുപോയി. പക്ഷേ അത് ആരിജിത്ത് സിങ്ങിന് വേണ്ടിയുള്ളതായിരുന്നില്ല. 2-3 സെക്കൻഡ് നേരത്തേക്ക് ചെന്നൈ നായകൻ എം എസ് ധോണിയുടെ ചിത്രം ക്യാമറാമാൻ ഒപ്പിയെടുത്ത് ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പൊഴായിരുന്നു അത്. ഇന്ത്യൻ ടീമിൽ നിന്നും വിരമിച്ചതിനുശേഷവും മുൻ നായകൻ ധോണിക്ക് ലഭിക്കുന്ന ജനപിന്തുണ വളരെയധികമാണ്.