Categories
Cricket

കണ്ണുകളെ കുളിർമയേകുന്ന ,ഞരമ്പുകളെ തീ പിടിപ്പിക്കുന്ന ഷോട്ട് ! റാഫിയുടെ മലയാളം കമൻ്ററി വൈറൽ ആകുന്നു

ഇന്നലെ അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് – ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തോടെ പതിനാറാം ഐപിഎൽ സീസണ് തുടക്കമായിരുന്നു. മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് അഞ്ച് വിക്കറ്റിന്റെ ആവേശവിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 92 റൺസ് എടുത്ത ഓപ്പണർ രുതുരാജ് ഗയക്വാദിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലും, മികച്ച പിന്തുണ നൽകി കളിച്ച സഹതാരങ്ങളും ചേർന്നപ്പോൾ അവർ നാലുപന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ഗയക്വാദ് തകർത്തടിച്ച് സ്കോർ മുന്നോട്ട് നയിച്ചുവെങ്കിലും മികച്ച പിന്തുണ നൽകുന്ന പ്രകടനം ആരിൽനിന്നും ഉണ്ടായില്ല. 50 പന്ത് നേരിട്ട അദ്ദേഹം 4 ഫോറും 9 സിക്‌സും അടക്കം നേടി, അർഹിച്ച സെഞ്ചുറിക്ക് 8 റൺസ് അകലെ പുറത്താകുകയായിരുന്നു. ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിര നിറംമങ്ങിയ മത്സരത്തിൽ അടുത്ത ടോപ് സ്കോറർ, 17 പന്തിൽ 23 റൺസ് എടുത്ത മൊയീൻ അലിയായിരുന്നു. നായകൻ ധോണി ഫിനിഷർ ആയെത്തി 7 പന്തിൽ ഒന്നുവീതം ഫോറും സിക്സും അടക്കം 14 റൺസോടെ പുറത്താകാതെ നിന്നു. ഗുജറാത്ത് ടീമിനായി ഷമി, ജോസഫ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഗുജറാത്തിനായി ഓപ്പണിംഗ് ഇറങ്ങിയ സാഹയും ഗില്ലും ചേർന്ന് നൽകിയത് വെടിക്കെട്ട് തുടക്കമാണ്. 16 പന്തിൽ രണ്ടുവീതം ഫോറും സിക്സും അടക്കം 25 റൺസ് നേടിയാണ് സാഹ പുറത്തായത്. മികച്ച ഫോമിലുള്ള ഗിൽ ആകട്ടെ 36 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 63 റൺസ് നേടി. ഫീൽഡിംഗ് സമയത്ത് പരുക്കേറ്റ കൈൻ വില്യംസന് പകരം ഇംപാക്ട് പ്ലയർ ആയി ഇറങ്ങിയ സായ് സുദർശൻ 17 പന്തിൽ 22 റൺസോടെ ഭേദപ്പെട്ട പ്രകടനം നടത്തി. അമ്പാട്ടി റായിഡുവിന് പകരം ചെന്നൈ ഇറക്കിയ ബോളർ തുഷാർ ദേശ്പാണ്ഡെയാകട്ടെ 3.2 ഓവറിൽ 51 റൺസാണ് വഴങ്ങിയത്. വിജയ് ശങ്കർ 27 റൺസ് നേടി പുറത്തായപ്പോൾ, 15 റൺസോടെ തേവാത്തിയയും 10 റൺസോടെ റാഷിദും പുറത്താകാതെനിന്നു അവരെ വിജയത്തിലെത്തിച്ചു. റാഷിദ് ഖാൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

അതിനിടെ മത്സരത്തിലെ കമന്ററിയിലൂടെ മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഒരു വ്യക്തിയുണ്ടായിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് റഫീഖ് ആയിരുന്നു അത്. ഈ സീസണിൽ ആദ്യമായി ഒരുപാട് ഭാഷകളിൽ കമന്ററി ടീമിനെ ജിയോസിനിമ ആപ്പിൽ തിരഞ്ഞെടുത്തപ്പോൾ, മലയാളം പാനലിൽ ഉൾപ്പെട്ട അദ്ദേഹം തന്റെ വ്യതസ്തമായ അവതരണംകൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്തു. കേരളത്തിലെ ഒരുപാട് പ്രാദേശിക ടൂർണമെന്റുകളിൽ കമന്ററിപറഞ്ഞ് അനുഭവസമ്പത്തുള്ള ഒരാളാണ് അദ്ദേഹം. ഇന്നലെ മത്സരത്തിൽ റുതുരാജ് സിക്സ് അടിച്ച് അർദ്ധസെഞ്ചുറി നേടിയ സമയത്ത്, “കണ്ണിനു കുളിർമയേകുന്ന, ഞരമ്പുകളെ തീ പിടിപ്പിക്കുന്ന ഷോട്ട്” എന്നൊക്കെ പറയുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മലയാളിപ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *