പതിനാറാം ഐപിഎൽ സീസൺ അതിന്റെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ ആദ്യ ഡബിൾ ഹെഡർ പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. അതിലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച ആദ്യ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും പുതിയ നായകൻമാരുമായാണ് ഈ സീസണിൽ കളിക്കുന്നത്. വെറ്ററൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പഞ്ചാബിനെ നയിക്കുമ്പോൾ പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരമായാണ് നിതീഷ്റാണ കൊൽക്കത്ത നായകനായത്.
മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് 192 റൺസാണ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ നിതീഷ് റാണ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടിന് തിരികൊളുത്തിയതോടെയാണ് അവർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയത്. 32 പന്തിൽ 50 റൺസ് എടുത്ത ശ്രീലങ്കൻ താരം ഭാനുക രജപക്സയാണ് അവരുടെ ടോപ് സ്കോറർ.
വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത ടീമിനായി ഓപ്പണർ അഫ്ഗാൻ താരം റഹ്മാനുള്ള ഗൂർബാസ് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ 101 മീറ്ററിന്റെ കൂറ്റൻ സിക്സ് നേടിയാണ് അദ്ദേഹം ഇത്തവണത്തെ ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്. ഇടംകൈയ്യൻ പേസർ സാം കറൻ എറിഞ്ഞ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് ലോങ് ഓണിലെക്ക് പടുകൂറ്റൻ സിക്‌സർ. തുടർന്ന് ഓവറിലെ അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി നേടിയിരുന്നു അദ്ദേഹം.
എങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്സ് അധികനേരം നീണ്ടുനിന്നില്ല. 16 പന്തിൽ 3 ഫോറും ആ ഒരു സിക്സും അടക്കം 22 റൺസ് എടുത്ത ഗുർബാസിനെ പഞ്ചാബിന്റെ ഓസീസ് പേസർ നതാൻ എല്ലിസ് ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാതെ പോയതിൽ അദ്ദേഹത്തിന് നിരാശയായി. എങ്കിലും ഒരു മികച്ച സീസൺ ലക്ഷ്യംവച്ചാണ് അദ്ദേഹം വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിലെ താരമായിരുന്നു വിക്കറ്റ് കീപ്പർ ഗുർബാസ്. എങ്കിലും വെറ്ററൻ ഓസ്ട്രേലിയൻ കീപ്പർ മാത്യൂ വെയ്ഡിനാണ് ഗുജറാത്ത് മാനേജ്മെന്റ് കൂടുതൽ അവസരങ്ങൾ നൽകിയത്. ഈ സീസൺ മുൻപ് കൊൽക്കത്ത ട്രേഡിംഗ് വഴിയാണ് താരത്തെ സ്വന്തമാക്കിയത്.