ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിനെ തകർത്ത് മലയാളി താരം സഞ്ജു സാംസന്റെ നായകത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ഐപിഎൽ പതിനാറാം സീസണ് ഗംഭീരതുടക്കം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. ഹൈദരാബാദിന്റെ മറുപടി 131/8 എന്ന നിലയിൽ അവസാനിച്ചു. ഇംപാക്ട് പ്ലയറായി ഇറങ്ങിയ അബ്ദുൽ സമദ് 32 റൺസോടെ പുറത്താകാതെ നിന്നു ടോപ് സ്കോററായി. രാജസ്ഥാനുവേണ്ടി ചഹാൽ 4 വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപെട്ടുവെങ്കിലും തെല്ലൊരു ആശങ്കയുമില്ലാതെ ഇറങ്ങിയ രാജസ്ഥാൻ, ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും മികവിൽ വെടിക്കെട്ട് തുടക്കമാണ് സൃഷ്ടിച്ചത്. ഇരുവരും 54 റൺസ് വീതം എടുത്താണ് പുറത്തായത്. വെറും 3.4 ഓവറിൽ രാജസ്ഥാൻ സ്കോർ 50 കടന്നു. പിന്നീടെത്തിയ നായകൻ സഞ്ജുവും അതേ ശൈലിയിൽ ബാറ്റ് വീശിയതോടെ ബോളർമാർ പ്രതിസന്ധിയിലായി. 55 റൺസ് എടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോറർ ആകുകയും ചെയ്തു. അതിനിടെ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഒടുവിൽ 22 റൺസ് എടുത്ത ഹെറ്റ്മേയറുടെ മികവിൽ അവർ 200 റൺസ് കടത്തി.
മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയ ശേഷം പിന്നീട് വിക്കറ്റ് കീപിങ്ങിലും നായകൻ എന്ന നിലയിൽ ബോളർമാരെ റോടൈറ്റ് ചെയ്ത് ഫീൽഡിലും സഞ്ജു മികച്ചുനിന്നു. വിക്കറ്റിന് പിന്നിൽ പറക്കും സേവുകൾ നടത്തിയ സഞ്ജു ഹൈദരാബാദിലെ കാണികളുടെ വരെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ ഇരട്ട വിക്കറ്റ് നേട്ടത്തിന് ശേഷമുള്ള അവസാന പന്തിൽ ലെഗ് സൈഡിലൂടെ ഹാരി ബ്രൂക്ക് ബൗണ്ടറി കളിക്കാൻ ശ്രമിച്ചപ്പോൾ,
തന്റെ ഇടതുവശത്തേക്ക് കുതിച്ചുകൊണ്ട് ഒരു ഉറച്ച ബൗണ്ടറി സഞ്ജു സേവ് ചെയ്തു. പിന്നീട് മലയാളി താരം കെ എം ആസിഫ് എറിഞ്ഞ രണ്ടാം ഓവറിൽ തന്റെ വലത്തുവശത്തേക്ക് ചാടിയും സഞ്ജു പന്ത് കൈപ്പിടിയിൽ ഒതുക്കി. ഐപിഎല്ലിൽ മികവ് തെളിയിച്ച് സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം.