ഇന്ന് ഉച്ചകഴിഞ്ഞു നടന്ന ഈ സീസണിലെ മറ്റൊരു ലോ സ്കോറിങ്ങ് ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആവേശവിജയം. ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ അവരുടെ ഹോംഗ്രൗണ്ടിൽ 7 റൺസിനാണ് ഗുജറാത്ത് കീഴടക്കിയത്. ഇതോടെ രാജസ്ഥാനും ലഖ്നൗവിനും ചെന്നൈയ്ക്കുമൊപ്പം ഗുജറാത്തും 8 പോയിന്റിൽ എത്തിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 37 പന്തിൽ 47 റൺസെടുത്ത ഓപ്പണർ സാഹയും 50 പന്തിൽ 66 റൺസെടുത്ത ക്യാപ്റ്റൻ പാണ്ഡ്യയും ടോപ് സ്കോറർമാരായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നായകനും ഓപ്പണറുമായ കെ എൽ രാഹുലിന്റെ മികവിൽ അനായാസം വിജയലക്ഷ്യം മറികടക്കും എന്നാണ് എല്ലാവരും കരുതിയത്. ഒന്നാം വിക്കറ്റിൽ 6.3 ഓവറിൽ 55 റൺസാണ് രാഹുലും മെയേഴ്സും ചേർന്ന് നേടിയത്. പതിവിൽ നിന്നും വിപരീതമായി തുടക്കം മുതൽക്കേ അറ്റാക്ക് ചെയ്ത് കളിക്കുന്ന രാഹുലിനെ കണ്ടപ്പോൾ ഇന്ന് അവർ വിജയിക്കാനുറച്ച് തന്നെയാണ് വന്നിരിക്കുന്നത് എന്നായിരുന്നു ലഖ്നൗ ആരാധകരുടെ പ്രതീക്ഷ. എങ്കിലും 24 റൺസെടുത്ത മെയേഴ്‌സ് പുറത്തായശേഷം എത്തിയ കൃണാൽ പാണ്ഡ്യ 23 പന്തിൽ 23 റൺസ് എടുത്തു പുറത്തായി. 7 പന്തിൽ ഒരു റൺ നേടിയ നിക്കോളസ് പുറനും നിരാശപ്പെടുത്തി.
ഗുജറാത്ത് ബോളർമാർ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. പതിനെട്ടാം ഓവർ എറിഞ്ഞ മോഹിത് ശർമ 6 റൺസും പത്തൊമ്പതാം ഓവർ എറിഞ്ഞ ഷമി 5 റൺസും മാത്രം വഴങ്ങിയപ്പോൾ മത്സരം ആവേശകരമായി. അതോടെ മോഹിത് ശർമ്മയുടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 12 റൺസ്. ആദ്യ പന്തിൽ ഡബിൾ എടുത്തെങ്കിലും രണ്ടാം പന്തിൽ ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ 61 പന്തിൽ 68 റൺസ് എടുത്ത രാഹുൽ ക്യാച്ച് ഔട്ട് ആയി. അടുത്ത പന്തിൽ ലോങ്ഓൺ ബൗണ്ടറിയിൽ മില്ലറിന്റെ തകർപ്പൻ ക്യാച്ചിൽ സ്റ്റോയിനിസും പുറത്ത്. ഡബിൾ എടുക്കാനുള്ള ശ്രമത്തിൽ നാലാം പന്തിൽ ആയുഷ് ബഡോണിയും അഞ്ചാം പന്തിൽ ഹൂഡയും റൺഔട്ട്. 8 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന അവസാന പന്തിൽ രവി ബിഷ്‌നോയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതോടെ ഗുജറാത്ത് ബോളർമാരുടെ മികവിൽ അവർക്ക് അപ്രതീക്ഷിത വിജയം.