മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നു രാത്രിയിലെ ഐപിഎൽ പോരാട്ടത്തിൽ ഹോംടീമായ മുംബൈയ്ക്കെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. പരുക്ക് ഭേദമാകാത്ത നായകൻ ശിഖർ ധവാന് പകരം ഇന്നും ടീമിനെ നയിക്കുന്ന ഓൾറൗണ്ടർ സാം കറൻ തകർപ്പൻ അർദ്ധസെഞ്ചുറിയോടെ മുന്നിൽ നിന്നും നയിച്ചു.
ആദ്യ 14 ഓവറിൽ 105 റൺസ് മാത്രം നേടിയിരുന്ന പഞ്ചാബ്, അവസാന ആറ് ഓവറുകളിൽ നിന്നായി അടിച്ചു കൂട്ടിയത് 109 റൺസാണ്. 29 പന്തിൽ 55 റൺസെടുത്ത നായകൻ സാം കറനും 28 പന്തിൽ 41 റൺസെടുത്ത ഹാർപ്രീത് ഭാട്ടിയയും ടോപ് സ്കോറർമാരായെങ്കിലും ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയായിരുന്നു. വെറും 7 പന്ത് മാത്രം നേരിട്ട അദ്ദേഹം നാല് സിക്സ് ഉൾപ്പെടെ നേടിയത് 25 റൺസാണ്. സ്ട്രൈക് റേറ്റ് ആകട്ടെ 357.14! പരിക്ക് ഭേദമായി പേസർ ജോഫ്ര ആർച്ചർ മുംബൈ നിരയിൽ മടങ്ങിയെത്തിയെങ്കിലും നാലോവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ.
മത്സരത്തിൽ അർജുൻ ടെൻഡുൽക്കർ എറിഞ്ഞ പതിനാറാം ഓവറിൽ 31 റൺസാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. ആദ്യ പന്തിൽ സാം കറൻ ലോങ് ഓഫിലേക്ക് സിക്സ് പായിച്ചു. അടുത്ത് പന്തിലൊരു വൈഡ്; രണ്ടാം പന്തിൽ എഡ്ജായി ഷോർട്ട് തേർഡ്മാനിലേക്ക് ബൗണ്ടറി. മൂന്നാം പന്തിൽ സിംഗിളെടുത്ത അദ്ദേഹം ഹർപ്രീത് ബാട്ടിയയ്ക്ക് സ്ട്രൈക് കൈമാറി. നാലാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ബാട്ടിയ ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അമ്പത് കടത്തി. അഞ്ചാം പന്ത് ലോഫുൾടോസായി വന്നപ്പോൾ ഒരു കിടിലൻ സിക്സ്. ആറാം പന്ത് ഹൈ ഫുൾടോസ് ആയിവന്നപ്പോൾ വിക്കറ്റിന് പിന്നിലേക്ക് ബൗണ്ടറി. അതൊരു നോബോൾ കൂടിയായിരുന്നു. ഫ്രീഹിറ്റ് പന്തിൽ ഹർപ്രീത് ഒരു ബൗണ്ടറി കൂടി നേടിയപ്പോൾ, 2 ഓവറിൽ 18/1 എന്ന നിലയിൽ പന്തെറിയാനെത്തിയ അർജുൻ മടങ്ങിയത് 3 ഓവറിൽ 48/1 എന്ന നിലയിൽ.