Categories
Uncategorized

ഇവൻ കമ്മറ്റിക്ക് നഷ്ടം ഉണ്ടാക്കും ! രണ്ടു വട്ടം സ്റ്റമ്പ് പൊട്ടിച്ചു അർശദീപ്; വീഡിയോ കാണാം

മുബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ നിശബ്ദമാക്കി പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെതിരെ 13 റൺസിന്റെ ആവേശവിജയം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തപ്പോൾ മുംബൈയുടെ മറുപടി 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു. അവർക്കായി നായകൻ രോഹിത് ശർമ 27 പന്തിൽ 44 റൺസും ഗ്രീൻ 43 പന്തിൽ 67 റൺസും സൂര്യകുമാർ യാദവ് 26 പന്തിൽ 57 റൺസുമൊക്കെ എടുത്ത് തിളങ്ങിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 14 ഓവറിൽ വെറും 105 റൺസ് മാത്രം നേടിയിരുന്ന പഞ്ചാബ്, അവസാന ആറ് ഓവറുകളിൽ നിന്നായി 109 റൺസ് എടുത്തതോടെയാണ് മത്സരത്തിൽ മുൻതൂക്കം ലഭിച്ചത്. ശിഖർ ധവാന്റെ അഭാവത്തിൽ ടീമിനെ നയിക്കുന്ന ഓൾറൗണ്ടർ സാം കറൻ 29 പന്തിൽ 55 റൺസും ഹർപ്രീത്ത് സിംഗ് 28 പന്തിൽ 41 റൺസും എടുത്തു ടോപ് സ്കോറർമാരായി. മികച്ച ഫിനിഷ് നൽകിയ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ 7 പന്തിൽ നിന്നും നാല് സിക്സ് ഉൾപ്പെടെ 25 റൺസ് നേടിയിരുന്നു.

നാലോവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി ഇടംകൈയ്യൻ പേസർ അർശദീപ് സിംഗ് മുംബൈയുടെ അന്തകനായി. തുടക്കത്തിൽ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ ഓപ്പണർ ഇഷാൻ കിഷനെ സിംഗ് മടക്കിയിരുന്നു. എങ്കിലും രോഹിതും ഗ്രീനും പിന്നീടെത്തിയ സൂര്യ കുമാർ യാദവുമൊക്കെ നന്നായി ബാറ്റ് ചെയ്തതോടെ മുംബൈ അനായാസം വിജയം നേടുമെന്ന് എല്ലാവരും കരുതി. മത്സരത്തിലെ പതിനെട്ടാം ഓവറിൽ സൂര്യയുടെ വിക്കറ്റ് നേടിയ അർശദീപ്‌ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു.

പത്തൊമ്പതാം ഓവർ എറിഞ്ഞ നഥാൻ എല്ലിസ് 15 റൺസ് വഴങ്ങിയതോടെ അർഷദീപിന്റെ അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 16 റൺസ് വേണമെന്നായി. ആദ്യ പന്തിൽ ടിം ഡേവിഡ് സിംഗിൾ നേടിയെങ്കിലും രണ്ടാം പന്തിൽ തിലക് വർമയ്‌ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്നാം പന്തിൽ സിങ്ങിന്റെ മികച്ചൊരു ഏറിൽ മിഡിൽ സ്റ്റമ്പ് നടുവൊടിഞ്ഞപ്പോൾ മത്സരം പഞ്ചാബിന്റെ വരുതിയിലായി. മൂന്നാം പന്തിന്റെ കോപ്പി എടുത്തപോലെ നാലാം പന്തിലും അർശദീപിന്റെ പന്തുകൊണ്ട് മിഡിൽ സ്റ്റമ്പ് രണ്ടായി പിളർന്ന് മാറുകയുണ്ടായി. ഇത്തവണ പുറത്തായത് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ നെഹാൽ വാധേര. പിന്നീടെത്തിയ ജോഫ്ര ആർച്ചറിന് അഞ്ചാം പന്തിൽ റൺ ഒന്നും എടുക്കാൻ സാധിച്ചില്ല; അവസാന പന്തിൽ ഒരു സിംഗിൾ മാത്രം. അതോടെ പഞ്ചാബിന് സീസണിലെ നാലാം ജയം.

Leave a Reply

Your email address will not be published. Required fields are marked *