ഐപിഎല്ലിൽ ഇന്ന് ഉച്ചകഴിഞ്ഞു നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു 7 റൺസിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. രാജസ്ഥാന്റെ മറുപടി 182/6 എന്ന നിലയിൽ അവസാനിച്ചു. മത്സരത്തിലെ ആദ്യ പന്തിൽതന്നെ നായകൻ വിരാട് കോഹ്‌ലിയെ നഷ്ടപ്പെട്ട ബംഗളൂരുവിന്, 62 റൺസെടുത്ത ഡു പ്ലസ്സിയുടെയും 77 റൺസെടുത്ത കളിയിലെ താരമായ മാക്സ്വെല്ലിന്റെയും പോരാട്ടമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ട്‌ലറെ പേസർ മുഹമ്മദ് സിറാജ് ആദ്യ ഓവറിൽതന്നെ ക്ലീൻബോൾഡ് ആക്കി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജൈസ്വാളും പഠിക്കലും 98 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് ബംഗളൂരുവിനെ പ്രതിരോധത്തിലാക്കി. പക്ഷേ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ പഠിക്കലും അർദ്ധസെഞ്ചുറിയ്‌ക്ക് മൂന്നുറൺസ് അകലെ ജൈസ്വാളും പുറത്തായി. നായകൻ സഞ്ജു സാംസൺ നന്നായി തുടങ്ങിയെങ്കിലും, 15 പന്തിൽ 22 റൺസെടുത്ത് പുറത്തായി. മികച്ച ഫിനിഷറായ ഹേറ്റ്മെയർ 9 പന്തിൽ 3 റൺസോടെ നിരാശപ്പെടുത്തി. 6 പന്തിൽ 12 റൺസെടുത്ത അശ്വിന്റെയും 16 പന്തിൽ 34 റൺസോടെ പുറത്താകാതെ നിന്ന ജൂറെലിന്റെയും പോരാട്ടം വിഫലമായി.
അതിനിടെ മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ അമ്പയറോട് കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. രാജസ്ഥാന്റെ ഫീൽഡിംഗ് സമയത്താണ് സംഭവം. ബംഗളൂരു 6 ഓവറിൽ 62/2 എന്ന നിലയിലാണ് നിന്നിരുന്നത്. പവർപ്ലേ കഴിഞ്ഞശേഷം ടൈംഔട്ട് ആണെന്ന് കരുതി രാജസ്ഥാൻ താരങ്ങളും സംഗക്കാര അടക്കമുള്ള കോച്ചിംഗ് സ്റ്റാഫും മൈതാനത്ത് ഇറങ്ങിയിരുന്നു. ടൈംഔട്ട് അല്ലെന്ന് അവരെ ബോധ്യപ്പെടുത്തി അമ്പയർ മൈക്കേൽ ഗഫ് അവരെ മടക്കിയയച്ചു. ഇതിനിടെയാണ് സഞ്ജുവും അമ്പയർ ഗാഫും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെട്ടത്. കുറച്ചുനേരം സംസാരിച്ചശേഷം സഞ്ജു തന്റെ സ്ഥാനത്തേക്ക് മടങ്ങി. തുടർന്ന് ഏഴാം ഓവറിനു ശേഷമാണ് യഥാർത്ഥ ടൈംഔട്ട് ആയത്.