ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് 7 റൺസിന്റെ ആവേശവിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. ഹൈദരാബാദിന്റെ മറുപടി 20 ഓവറിൽ 137/6 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ സ്പിന്നർ അക്ഷർ പട്ടേലാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ബാറ്റിങ്ങിൽ ഡൽഹി ഓപ്പണർ ഫിൽ സാൾട്ടിനെ ഭുവനേശ്വർ പൂജ്യത്തിന് പുറത്താക്കി. എങ്കിലും വാർണറും മിച്ചൽ മാർഷും ചേർന്ന് അവരെ മുന്നോട്ടുനയിച്ചു. 15 പന്തിൽ 5 ബൗണ്ടറിയടക്കം 25 റൺസോടെ നന്നായി തുടങ്ങിയ മാർഷിനെ നടരാജൻ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ഡൽഹിയ്‌ക്ക് ബാറ്റിംഗ് തകർച്ചയായിരുന്നു. വാഷിങ്ടൺ സുന്ദർ എറിഞ്ഞ എട്ടാം ഓവറിൽ വാർണറും, സർഫറാസ് ഖാനും, അമൻ ഖാനും അടക്കം 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതോടെ എട്ടോവറിൽ 62/5 എന്ന നിലയിലായ ഡൽഹിയെ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത് 34 റൺസ് വീതമെടുത്ത അക്ഷർ പട്ടേലിന്റെയും മനീഷ് പാണ്ഡെയുടെയും ഇന്നിങ്സുകളാണ്.
മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് ടീമിന്റെയും സ്ഥിതി സമാനമായിരുന്നു. ഓപ്പണർ ഹാരി ബ്രൂക്ക് 14 പന്തിൽ 7 റൺസുമായി പുറത്ത്. പിന്നീട് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രാഹുൽ ത്രിപാഠിയാകട്ടെ 21 പന്തിൽ 15 റൺസാണ് നേടിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മയാങ്ക് അഗർവാൾ അർദ്ധസെഞ്ചുറിയ്‌ക്ക് ഒരു റൺ മാത്രം അകലെയും പുറത്തായി. അഭിഷേക് ശർമ 5 റൺസും നായകൻ മാർക്രം 3 റൺസും എടുത്തുമടങ്ങി. എങ്കിലും 19 പന്തിൽ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്ലാസ്സനും 15 പന്തിൽ 24 റൺസോടെ പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറും അവസാനം വരെ പോരാടി. പക്ഷേ സമചിത്തതയോടെ പന്തെറിഞ്ഞ ഡൽഹി ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി.
ഇന്നലെ മത്സരം ആരംഭിക്കുന്നതിന് മുൻപായി നടന്ന ഒരു അപൂർവനിമിഷം ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസ് നായകനായ ഡേവിഡ് വാർണർ, സൺറൈസേഴ്സ് ഹൈദരാബാദ് പേസറായ ഭുവനേശ്വർ കുമാറിന്റെ കാൽതൊട്ടു വന്ദിക്കുന്നതാണ് വീഡിയോ. ഐപിഎല്ലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. മത്സരത്തിന് ടീമുകൾ തയ്യാറെടുക്കുമ്പോൾ ഡൽഹി താരമായ ഇഷാന്ത് ശർമയും ഹൈദരാബാദ് താരമായ ഭുവിയും സംസാരിച്ചുനിൽക്കുകയായിരുന്നു. അവിടേക്ക് ഓടിയെത്തിയ ഡൽഹി നായകൻ വാർണർ, ഭുവിയുടെ കാൽതൊട്ടുവണങ്ങിയാണ് സംസാരം തുടങ്ങിയത്. മുൻപ് വാർണറും ഭൂവിയും ഹൈദരാബാദിൽ ഒന്നിച്ച് കളിച്ചവരാണ്.