ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ, ചെന്നൈ സൂപ്പർ കിംഗ്സ് 49 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ, കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 26 പന്തിൽ 61 റൺസെടുത്ത ജേസൺ റോയും 33 പന്തിൽ 53 റൺസോടെ പുറത്താകാതെ നിന്ന റിങ്കു സിംഗും പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.
ചെന്നൈ നിരയിൽ 29 പന്തിൽ നിന്നും 71 റൺസോടെ പുറത്താകാതെ നിന്ന അജിൻക്യ രഹാനെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 73 റൺസ് കൂട്ടിച്ചേർത്ത് ഋതുരാജ് ഗായക്വാദും കോൺവെയും മിന്നുന്ന തുടക്കംകുറിച്ചു. 35 റൺസെടുത്ത ഋതുരാജ് മടങ്ങിയശേഷമാണ് രഹാനെ ക്രീസിൽ എത്തിയത്. രണ്ടാം വിക്കറ്റിൽ കോൺവേക്കൊപ്പം 36 റൺസും, മൂന്നാം വിക്കറ്റിൽ ദുബെയ്ക്കൊപ്പം 85 റൺസും, നാലാം വിക്കറ്റിൽ ജഡേജയ്‌ക്കൊപ്പം 38 റൺസും രഹാനെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഓപ്പണർ കോൺവേ 40 പന്തിൽ 56 റൺസും, ശിവം ദുബേ 21 പന്തിൽ 50 റൺസും, ജഡേജ 8 പന്തിൽ 18 റൺസും എടുത്താണ് പുറത്തായത്.
പുറത്താകാതെ നിന്ന രഹാനെ ആറ് കിടിലൻ ഫോറും അഞ്ച് കൂറ്റൻ സിക്‌സുകളുമാണ് പറത്തിയത്; സ്ട്രൈക്ക് റേറ്റ് ആകട്ടെ 244.83! കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന രഹാനെയെ, ഈ സീസണിൽ ചെന്നൈ ടീമിൽ എടുക്കുകയായിരുന്നു. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച അറ്റാക്കിങ് ഇന്നിങ്സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. തന്റെ പഴയകാല പ്രതാപത്തിന്റെ ഓർമകൾ വീണ്ടും ഒരിക്കൽകൂടി അലയടിപ്പിക്കുന്ന ഷോട്ടുകളുമായി അദ്ദേഹം ചെന്നൈ ആരാധകരുടെ മനസ്സിൽ ഇടംനേടിയിരിക്കുന്നു. സാധാരണ കോപ്പിബുക്ക് ശൈലിയിൽ കളിക്കുന്ന അദ്ദേഹം, ഇന്നലെ റിവേഴ്സ് സ്വീപ്പും സ്‌കൂപ്പും അടക്കമുള്ള ഷോട്ടുകൾ പായിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.