Categories
Uncategorized

അമ്പയർക്കു പിഴച്ചു ,ധോണി റിവ്യൂ സിസ്റ്റം പാളില്ല എന്ന് വീണ്ടും തെളിയിച്ചു ;വീഡിയോ

കൊൽക്കത്തയ്‌ക്കെതിരെ ഈഡൻ ഗാർഡൻസിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 49 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തി. കൊൽക്കത്തയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈയ്ക്കായി 29 പന്തിൽ 71 റൺസോടെ പുറത്താകാതെ നിന്ന അജിൻക്യ രഹാനെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 73 റൺസെടുത്ത ഋതുരാജ്‌ – കോൺവേ സഖ്യം ചെന്നൈയ്ക്ക് മികച്ച തുടക്കം നൽകി. തുടർന്ന് കഴിഞ്ഞ മത്സരത്തിലെ അതേ സ്കോറായ 35 റൺസിൽ ഋതുരാജ് മടങ്ങി. രഹാനെ ക്രീസിൽ എത്തിയതു മുതൽ അടിതുടങ്ങി. 40 പന്തിൽ 56 റൺസുമായി കോൺവെ പുറത്താകുമ്പോൾ ക്രീസിലെത്തിയ ശിവം ദുബെയുമൊത്ത് രഹാനെ 85 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 21 പന്തിൽ 50 റൺസെടുത്ത ദുബെ മടങ്ങിയശേഷം എത്തിയ ജഡേജ 8 പന്തിൽ 18 റൺസ് നേടി പുറത്തായി. നായകൻ ധോണി 2 റൺസോടെ പുറത്താകാതെ നിന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ആദ്യ രണ്ട് ഓവറിനുള്ളിൽതന്നെ ഓപ്പണർമാരായ നരൈനെയും ജഗദീശനെയും നഷ്ടമായി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വെങ്കടേഷ് അയ്യർ 20 റൺസും നായകൻ നിതീഷ് റാണ 27 റൺസുമെടുത്ത് പുറത്തായി. അതോടെ നില പരുങ്ങലിലായ അവർക്ക് ആശ്വാസമായി അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജേസൺ റോയിടെയും റിങ്കു സിങ്ങിന്റെയും 65 റൺസ് കൂട്ടുകെട്ട്. റോയ് 26 പന്തിൽ 61 റൺസോടെ മടങ്ങിയശേഷം പിന്നീട് ആർക്കും മികച്ച ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞില്ല. റിങ്കു സിംഗ് 33 പന്തിൽ 53 റൺസോടെ പുറത്താകാതെ നിന്നു.

മത്സരത്തിൽ മികച്ച നായകമികവ് പ്രകടിപ്പിച്ച ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കളത്തിലെ തീരുമാനങ്ങളിലും മികച്ചുനിന്നിരുന്നു. അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന ‘ഡിസിഷൻ റിവ്യൂ സിസ്റ്റം’ എന്ന ഡിആർഎസിന് പലപ്പോഴും ആരാധകർ ബഹുമാനപൂർവ്വം വിളിക്കുന്നത് ‘ധോണി റിവ്യൂ സിസ്റ്റം’ എന്നാണ്. ഇന്ത്യൻ ടീമിന്റെ നായകനായി ഇരുന്നപ്പോഴും ഐപിഎല്ലിൽ ചെന്നൈയെ നയിച്ചപ്പോഴും ഇതിനു മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ തുഷാർ ദേശ്പാണ്ഡെയുടെ പതിനെട്ടാം ഓവറിലെ മൂന്നാം പന്തിൽ ഡേവിഡ് വീസിന്റെ എൽബിഡബ്ല്യൂ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയിരുന്നില്ല. പന്ത് അദ്ദേഹത്തിന്റെ തുടയിലാണ് കൊണ്ടത്. എങ്കിലും അത് ഔട്ട് ആയേക്കാം എന്നുകരുതി ധോണി റിവ്യൂ നൽകിയപ്പോൾ ലെഗ് സ്റ്റമ്പിൽ പതിക്കുമെന്ന് വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *