പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലണ്ടിനെതിരെ പാക്ക് ടീമിന് 337 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് നേടിയത്. വില്യംസണിന്റെ അഭാവത്തിൽ മൂന്നാമനായിറങ്ങിയ ദാരിൽ മിച്ചലിന്റെ 129 റൺസ് പ്രകടമാണ് കിവീസിനെ കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിച്ചത്. നായകനും വിക്കറ്റ് കീപ്പറുമായ ടോം ലതം 98 റൺസും ഓപ്പണർ ചഡ് ബൗസ് 51 റൺസും എടുത്തു മികച്ച പിന്തുണ നൽകി. പാക്ക് നിരയിൽ പേസർ ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാൻ 5 വിക്കറ്റിന് വിജയിച്ചിരുന്നു.
അതിനിടെ മത്സരത്തിൽ പാക്ക് ക്രിക്കറ്റിന് നാണക്കേടായി ഒരു അപൂർവ കാരണംമൂലം മത്സരം അൽപസമയം നിർത്തിവെച്ചു. ന്യൂസിലൻഡ് ബാറ്റിംഗ് തുടങ്ങി ഒരോവർ പൂർത്തിയാകുമ്പോഴേക്കും ഓൺഫീൽഡ് അമ്പയർമാർ ഗ്രൗണ്ടിലെ വലിയൊരു പിഴവ് കണ്ടെത്തുകയായിരുന്നു. എന്താണെന്നുവെച്ചാൽ മുപ്പതുവാര വൃത്തത്തിന്റെ അളവുകൾ വ്യത്യസ്തമായിരുന്നു. സാധാരണ ഉണ്ടാവേണ്ടതിൽ നിന്നും കുറച്ചുകൂടി പുറത്തേക്ക് തള്ളിയാണ് ഗ്രൗണ്ടിൽ മുപ്പതുവാര വൃത്തം രേഖപ്പെടുത്തിയിരുന്നത്.
അത് ഫീൽഡിംഗ് ടീമിന് കൂടുതൽ സ്പേസ് നൽകുമെന്ന് അമ്പയർമാർ മനസ്സിലാക്കി. പെട്ടെന്നുതന്നെ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ അത് ചെറുതാക്കി, കുറച്ചു ഉള്ളിലേക്ക് നീക്കിവെച്ചാണ് മത്സരം തുടർന്നത്. ക്രിക്കറ്റ് ചരിത്രത്തിൽതന്നെ അപൂർവമായി കാണാൻ കഴിഞ്ഞ ഒരു സംഭവമായി മാറി അത്. പാക്കിസ്ഥാൻ അമ്പയറായ അലീം ദർ തന്നെ മുൻകൈ എടുത്തുകൊണ്ട്, കൃത്യമായി മുപ്പതുവാര വൃത്തം അളവെടുത്ത് പുനഃസ്ഥാപിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.