ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ രാജസ്ഥാനെ 6 വിക്കറ്റിന് കീഴടക്കിയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയപ്പോൾ, മുംബൈ 19.3 ഓവറിൽ വെറും 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നു. മൂന്ന് പന്തും ഫുൾടോസ് ആവുകയും, മൂന്നിലും സിക്സ് അടിച്ചുകൊണ്ട് ടിം ഡേവിഡ് അവരെ വിജയതീരത്തെത്തിച്ചു. തോറ്റെങ്കിലും 62 പന്തിൽ 124 റൺസെടുത്ത കന്നി ഐപിഎൽ സെഞ്ചുറിക്കാരൻ ജൈസ്വാളാണ് കളിയിലെ താരമായത്.
അതിനിടെ മത്സരത്തിൽ രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ വലിയൊരു ചതി നടത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മുംബൈ നായകൻ രോഹിത് ശർമ 5 പന്തിൽ വെറും മൂന്നു റൺസ് മാത്രമെടുത്ത് രണ്ടാം ഓവറിലെ അവസാന പന്തിൽ പുറത്തായിരുന്നു. പേസർ സന്ദീപ് ശർമയാണ് രോഹിത്തിനെ ക്ലീൻ ബോൾഡ് ആക്കിയത്. മീഡിയംപേസറായ സന്ദീപ് ശർമ എറിയുമ്പോൾ വിക്കറ്റ് കീപ്പർ സഞ്ജു, സ്റ്റമ്പിന്റെ സമീപത്താണ് കീപ്പിംഗ് ചെയ്തിരുന്നത്. മുന്നിൽ നിന്നുമുള്ള ക്യാമറ ആംഗിളിൽ സഞ്ജുവിന്റെ ഗ്ലവ്സിൽ തട്ടിയാണ് ബൈൽസ് വീഴുന്നത് എന്ന് തോന്നുന്നുണ്ട്. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് മുംബൈ ആരാധകർ സഞ്ജുവിനേതിരേ തിരിഞ്ഞത്. എന്നാലിപ്പോൾ പുറത്തുവന്നിരിക്കുന്ന സൈഡിൽ നിന്നുമുള്ള ക്യാമറ ആംഗിളിൽ സഞ്ജു വിക്കറ്റിൽ തൊട്ടിട്ടുപോലുമില്ല എന്നത് വ്യക്തമായി കാണാം.