ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഒരു വിക്കറ്റ് തോൽവിയ്ക്ക്, ലഖ്നൗ ഏകന സ്റ്റേഡിയത്തിൽ 18 റൺസിന്റെ വിജയവുമായി പകരംവീട്ടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തപ്പോൾ, ലഖ്നൗ 19.5 ഓവറിൽ 108 റൺസിന് ഓൾഔട്ടാകുകയായിരുന്നു. വേഗം കുറഞ്ഞ പിച്ചിൽ ഇരുടീമുകളും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു.
നേരത്തെ ഒന്നാം വിക്കറ്റിൽ 9 ഓവറിൽ 62 റൺസ് നേടിയ കോഹ്‌ലിയുടെയും നായകൻ ഡു പ്ലെസ്സിയുടെയും കൂട്ടുകെട്ടാണ് ബംഗളൂരു ഇന്നിങ്സിന് അടിത്തറ പാകിയത്. 30 പന്തിൽ 31 റൺസെടുത്ത കോഹ്‌ലി മടങ്ങിയശേഷം, എത്തിയവരെല്ലാം പെട്ടെന്ന് മടങ്ങുകയായിരുന്നു. ഒടുവിൽ അഞ്ചാമനായി 40 പന്തിൽ 44 റൺസെടുത്ത ഡു പ്ലസ്സിയും പുറത്ത്. ദിനേശ് കാർത്തിക് 11 പന്തിൽ 16 റൺസെടുത്ത് റൺഔട്ടായി. ടീമിലെ മറ്റാർക്കും രണ്ടക്കംപോലും കടക്കാൻ കഴിഞ്ഞില്ല.
അതിനിടെ മത്സരശേഷം ബംഗളൂരു താരം വിരാട് കോഹ്‌ലിയും ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും പരസ്പരം വാക്കുകൾ കൊണ്ട് കൊമ്പുകോർത്തിരുന്നു. മത്സരം വിജയിച്ച സന്തോഷത്തിൽ സ്റ്റേഡിയത്തിലെ കാണികളെ അഭിവാദ്യം ചെയ്തു നിൽക്കുകയായിരുന്നു വിരാട് കോഹ്‌ലി. അദ്ദേഹത്തിന്റെ അടുത്തെത്തിയ ലഖ്നൗ ഓപ്പണർ കൈൽ മായേഴ്സ് എന്തോ പറയുന്നതോടെ കോഹ്‌ലിയുടെ മുഖഭാവം മാറുന്നതും കാണാം. തുടർന്ന് അവിടെയെത്തിയ ഗംഭീർ, മെയേഴ്‌സിനെ അവിടെനിന്നും പിടിച്ചുമാറ്റുന്നു.
അതിനുശേഷം കോഹ്‌ലിയും ഗംഭീറും നേർക്കുനേരെ നിന്ന് വാക്ശരങ്ങൾ എയ്തുകൊണ്ടിരുന്നു. സഹതാരങ്ങളും പരിശീലകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും വീണ്ടും വീണ്ടും അവർ പരസ്പരം നടന്നടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇതിനുമുൻപ് 2013 ഐപിഎല്ലിൽ കൊൽക്കത്ത നായകനായിരുന്ന ഗംഭീറും, കോഹ്‌ലിയും പരസ്പരം നടന്നടുത്ത് കയ്യാങ്കളിയിലേക്ക് നീങ്ങിയ വീഡിയോ ഇന്നും ഇന്റർനെറ്റിൽ തരംഗമാണ്.