ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകന സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് 18 റൺസ് വിജയം. വേഗം കുറഞ്ഞ പിച്ചിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും മികച്ച ബോളിങ് പ്രകടനത്തിലൂടെ ലഖ്നൗവിനെ അവർ 19.5 ഓവറിൽ 108 റൺസിൽ ഒതുക്കി. ഫീൽഡിംഗിനിടയിൽ പരുക്കേറ്റ നായകൻ രാഹുൽ പതിനൊന്നാമനായി ക്രീസിൽ എത്തിയെങ്കിലും റൺ ഓടിയെടുക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല.
13 പന്തിൽ 23 റൺസെടുത്ത ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം മാത്രമാണ് ലഖ്നൗ നിരയിൽ അല്പമെങ്കിലും നന്നായി ബാറ്റ് ചെയ്തത്. അദ്ദേഹമാകട്ടെ റൺഔട്ട് ആകുകയും ചെയ്തു. നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഓപ്പണർമാരായ കോഹ്‌ലിയും(30 പന്തിൽ 31), നായകൻ ഡു പ്ലെസ്സിയും(40 പന്തിൽ 44) മാത്രമാണ് ബംഗളൂരു നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 11 പന്തിൽ 16 റൺസെടുത്ത കാർത്തിക്കിനെക്കൂടി മാറ്റിനിർത്തിയാൽ, ടീമിലെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയം.
അതിനിടെ മത്സരത്തിൽ ഫീൽഡ് ചെയ്യുകയായിരുന്ന ബംഗളൂരു താരം വിരാട് കോഹ്‌ലിയുടെ സമീപത്തേക്ക് ഓടിയെത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങൾ മറികടന്നുകൊണ്ട് മൈതാനത്തേക്ക് ഇറങ്ങിയ ആ യുവാവ്, കോഹ്‌ലിയുടെ കാൽ തൊട്ടുവന്ദിച്ചു. ലഖ്നൗ ഇന്നിങ്സിലെ ഏഴാം ഓവർ പൂർത്തിയായ നിമിഷത്തിലായിരുന്നു സംഭവം. യാതൊരു അനിഷ്ടവും പ്രകടിപ്പിക്കാതിരുന്ന കോഹ്‌ലി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു യാത്രയാക്കുകയായിരുന്നു. തന്റെ പ്രിയതാരത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആ യുവാവിൽ പ്രകടമായി.