Categories
Uncategorized

നവീനും കിട്ടിയിട്ടുണ്ട് ! ഗംഭീറിന് പുറമെ നവീനോടും കൊമ്പ് കോർത്ത് കോഹ്ലി ; വീഡിയോ കാണാം

ഇന്നലെ ലഖ്നൗവിൽ നടന്ന ലോസ്കോറിങ്ങ് പോരാട്ടത്തിൽ ബംഗളൂരു 18 റൺസിന്റെ ആവേശവിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു, നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. ലഖ്നൗ 19.5 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. തങ്ങളുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1 വിക്കറ്റിന് തങ്ങളെ കീഴടക്കിയ ലഖ്നൗവിനോടുള്ള മധുരപ്രതികാരം കൂടിയായി ബംഗളൂരുവിന്റെ ഈ വിജയം.

മത്സരത്തിൽ ഓപ്പണർമാരായ വിരാട് കോഹ്‌ലിയുടെയും നായകൻ ഫാഫ്‌ ഡു പ്ലെസ്സിയുടെയും മികവിലാണ് ബംഗളൂരു വേഗം കുറഞ്ഞ പിച്ചിൽ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. കോഹ്‌ലി 30 പന്തിൽ 31 റൺസും ഡു പ്ലെസ്സി 40 പന്തിൽ 44 റൺസുമാണ് നേടിയത്. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി, ബംഗളൂരു ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി. ഫീൽഡിംഗ് സമയത്ത് കാലിന് പരുക്കേറ്റ് മടങ്ങിയ ലഖ്നൗ നായകൻ രാഹുലിന് ഓപ്പണിംഗ് ഇറങ്ങാൻ കഴിഞ്ഞില്ല. എങ്കിലും നടക്കാൻ കഴിയാതെ കഷ്ടപ്പെട്ട് അദ്ദേഹം പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു.

ഇന്നലെ മത്സരം നടക്കുന്നതിനിടയിലും മത്സരശേഷവും ഇരുടീമുകളിലേയും താരങ്ങൾ പരസ്പരം കൊമ്പുകോർക്കുന്ന അനേകം നിമിഷങ്ങൾ ഉണ്ടായിരുന്നു. ലഖ്നൗ ബാറ്റിങ്ങിന്റെ പതിനേഴാം ഓവർ കഴിഞ്ഞശേഷം സ്ട്രൈക്കിൽ ഉണ്ടായിരുന്ന അഫ്ഗാൻ താരം നവീൻ ഉൾ ഹഖും ബംഗളൂരു താരം വിരാട് കോഹ്‌ലിയും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. അതിനുള്ള കാരണം വ്യക്തമല്ല, എങ്കിലും അമ്പയർമാരും നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അമിത് മിശ്രയും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു.

തുടർന്ന് മത്സരശേഷമുള്ള ഹസ്തദാനസമയത്തും ഇരുവരും നേർക്കുനേർ വന്നു. നവീൻ എന്തോ പറയുന്നതും കോഹ്‌ലി വളരെ ദേഷ്യത്തിൽ കൈകൊടുത്തത് പിൻവലിക്കുന്നതും കാണാം. ഇത്തവണ മാക്സ്വെല്ലാണ് കോഹ്‌ലിയെ പിടിച്ചുമാറ്റുന്നത്. അതിനുശേഷം ലഖ്നൗ ഓപ്പണർ കൈൽ മേയേഴ്സ് കോഹ്‌ലിയോട് എന്തോ പറയുന്നതും, പിന്നീട് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ എത്തിയ പരിശീലകൻ ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും തമ്മിലുള്ള വാക്കുതർക്കത്തിലേക്കും ഇത് നീങ്ങിയിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *