ഇന്നലെ രാത്രി ലഖ്നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന ബംഗളൂരു-ലഖ്നൗ ഐപിഎൽ മത്സരവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വേഗം കുറഞ്ഞ പിച്ചിൽ നടന്ന ലോസ്കോറിംഗ് പോരാട്ടത്തിൽ 18 റൺസിനാണ് ബംഗളൂരു, ലഖ്നൗവിനെ കീഴടക്കിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തപ്പോൾ, ലഖ്നൗ മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 108 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.
ലഖ്നൗ നിരയിലെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്, ബാറ്റിങ്ങിന് ഇടയിൽ വിരാട് കോഹ്‌ലിയുടെ മുഖാമുഖം വരികയും ഇരുവരും പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ലഖ്നൗ ഇന്നിങ്സിലെ പതിനേഴാം ഓവറിൽ ആയിരുന്നു സംഭവം. തുടർന്ന് ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അമിത് മിശ്രയുടെ നേർക്കായി കോഹ്‌ലിയുടെ ദേഷ്യം. മത്സരം കഴിഞ്ഞിട്ടും തർക്കത്തിന് അറുതിവന്നിരുന്നില്ല.
ടീമംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് വീണ്ടുമൊരിക്കൽകൂടി കോഹ്‌ലി – നവീൻ വാക്പോര് രൂക്ഷമായിരുന്നു. അതിനു ശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മെയേഴ്സിനെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയും തമ്മിലായി സംഘർഷം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് രംഗം ശാന്തമാക്കിയത്. ഇതിനുമുൻപ് 2013 ഐപിഎൽ സീസണിലും കോഹ്‌ലിയും ഗംഭീറും മുഖാമുഖം വന്നിരുന്നു.
ഇതിനെല്ലാമിടയിലും വിരാട് കോഹ്‌ലിയ്‌ക്ക് ലഖ്നൗവിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ആരാധകരിൽനിന്നും വളരെ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. അതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. മത്സരശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്തെ ഒരു നിമിഷമാണിത്. മത്സരത്തിലെ ഗെയിംചെയിഞ്ചർ അവാർഡ് ഏറ്റുവാങ്ങാൻ 3 വിക്കറ്റ് വീഴ്ത്തിയ ലഖ്നൗ പേസർ നവീൻ ഉൾ ഹഖ് എത്തിയ നിമിഷം, ഗാലറിയിൽനിന്നും കേട്ടത് കോഹ്‌ലി… കോഹ്‌ലി… എന്ന് ആർപ്പുവിളിക്കുന്ന ഫാൻസിന്റെ ബഹളമായിരുന്നു.