കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ ഉണ്ടായ പ്രശ്നങ്ങൾ ചില്ലറയല്ല. ഇരു ടീമിന്റെയും താരങ്ങൾ തമ്മിൽ മത്സരശേഷം കൊമ്പ് കോർത്തത് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ഈ പ്രവർത്തിയുടെ പേരിൽ ലക്നൗവിന്റെ മെന്ററായ ഗൗതം ഗംഭീറിനും ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലിക്കും മാച്ച് ഫീസിന്റെ 100% പിഴയൊടുക്കാൻ മാച്ച് റഫറി വിധിച്ചിരുന്നു. ബാംഗ്ലൂർ വിജയത്തിന് ശേഷമാണ് തർക്കങ്ങൾ ഓരോന്നായി ഉടലെടുത്തത്.
താരതമ്യേന കുറഞ്ഞ സ്കോർ മാത്രം ഉയർത്തപ്പെട്ട മത്സരത്തിൽ 18 റൺസിനാണ് ബാംഗ്ലൂർ വിജയം കരസ്ഥമാക്കിയത്. സ്പിന്നിനെ തുണക്കുന്ന പിച്ച് ആയിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയത് 127 റൺസിന്റെ ചെറിയ വിജയലക്ഷ്യമാണ് എങ്കിലും ലക്‌നൗവിന് കാലിടറി. ലക്നൗ ഇന്നിംഗ്സ് 108 റൺസിന് അവസാനിച്ചു.
മത്സരശേഷം ഗൗതം ഗംഭീറും വിരാട് കോഹ്ലിയും കൊമ്പ് കോർത്തു. ഇതിനുപുറമെ അഫ്ഗാൻ താരമായ നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും ഏറ്റുമുട്ടി. മിക്ക താരങ്ങളും പരസ്പരം സംവാദത്തിലും വാക്ക് തർക്കത്തിനും മത്സരശേഷം ഏറ്റുമുട്ടിയിരുന്നു. ഇതിന് പ്രധാനമായും കാരണമായത് ഈ സീസണിൽ ഇതിനുമുമ്പേ ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്ത് സൂപ്പർ ജയനന്റസ് നടത്തിയ അമിത ആഘോഷമായിരുന്നു. ഇതിനൊരു പ്രതികാരം എന്നപോലെയായിരുന്നു ബാംഗ്ലൂർ കഴിഞ്ഞദിവസം ആഘോഷിച്ചത്.
പലതരത്തിലുള്ള പ്രശ്നങ്ങൾ ഇരുടീമുകളും തമ്മിൽ ഉടലെടുത്തപ്പോഴും ഇന്ത്യൻ ടീമിൽ സഹതാരങ്ങളായ വിരാട് കോഹ്ലിയും രാഹുലും തമ്മിൽ സ്നേഹപൂർവ്വമുള്ള സംഭാഷണവും നടന്നു. രാഹുലിന് ബാംഗ്ലൂർ ബാറ്റ് ചെയ്യവേ ഫീൽഡിങ് നടത്തുന്ന ശ്രമത്തിനിടയിൽ പരിക്കേറ്റിരുന്നു. മത്സരശേഷം വിരാട് കോഹ്ലി രാഹുലിന്റെ അടുത്ത് പരിക്കിനെ കുറിച്ച് ചോദിച്ച് ഓക്കെയാണോ എന്ന് വിലയിരുത്താൻ മറന്നില്ല. പ്രശ്നങ്ങൾക്കിടയിലും കോഹ്ലി നടത്തിയ ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഡാ നീ ഒക്കെ അല്ലേ എന്ന് വിരാട് കോഹ്ലി രാഹുലിന്റെ അടുത്ത് ചോദിക്കുന്ന സംഭാഷണത്തിന്റെ വീഡിയോ ദൃശ്യം കാണാം.