ഇന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന ഐപിഎൽ മത്സരത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ലഖ്നൗ, ചെന്നൈയെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്രസിംഗ് ധോണി, ലഖ്നൗവിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈ നിരയിൽ പരുക്ക് ഭേദമായ പേസർ ദീപക് ചഹാർ, ആകാശ് സിങ്ങിന് പകരം ടീമിൽ മടങ്ങിയെത്തി. ലഖ്നൗ നായകനായ രാഹുലിന് കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗിനിടെ പരുക്കേറ്റ് പുറത്തായിരുന്നു. ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയാണ് ഇന്ന് അവരെ നയിക്കുന്നത്.
ഇന്ന് മത്സരത്തിലെ ടോസ് സമയത്ത് അവതാരകനായ ഡാനി മോറിസൺ ചെന്നൈ നായകനായ ധോണിയോട് വിടവാങ്ങൽ സീസൺ കളിക്കുന്നതിനെകുറിച്ച് ചോദിച്ചിരുന്നു. ലഖ്നൗവിന്റേ ഹോംഗ്രൗണ്ടായ എകന സ്റ്റേഡിയത്തിൽ മുഴുവൻ മഞ്ഞ പുതപ്പിച്ചാണ് ധോണി ഫാൻസ് അദ്ദേഹത്തെ വരവേറ്റത്. ഫാൻസിന്റെ ഈയൊരു സ്വീകരണം വിടവാങ്ങൽ സീസണിൽ എങ്ങനെ തോന്നുന്നു എന്നാണ് അദ്ദേഹം ധോണിയോട് ചോദിച്ചത്.
ഈ സീസണിൽ ഉടനീളം ഈയൊരു പ്രതിഭാസം ദൃശ്യമായിരുന്നു. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ എന്നപോലെ, എവെമത്സരം കളിക്കുന്ന സമയത്തും ചെന്നൈ ടീമിനെ ഗാലറി മുഴുവൻ മഞ്ഞയണിഞ്ഞ് ധോണി ഫാൻസ്, അദ്ദേഹത്തിന്റെ അവസാന സീസൺ ആഘോഷിച്ചുവരികയായിരുന്നു. എന്നാലിപ്പോൾ ധോണി മറുപടി നൽകിയത്, എന്റെ അവസാന സീസൺ എന്ന് നിങ്ങളാണ് പറയുന്നത്; ഞാനല്ല.. എന്നാണ്. ഇതോടെ അടുത്ത സീസണിലും ധോണി കളിക്കുമോ എന്നുള്ള ആകാംഷയിലാണ് ധോണി ഫാൻസ്.