വ്യാഴാഴ്ച രാത്രി കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റ് വിജയവുമായി, രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. 12 കളിയിൽ 6 വീതം ജയവും തോൽവിയുമായി 12 പോയിന്റാണ് അവർക്കുള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു, പഞ്ചാബ് കിംഗ്സ് എന്നിവരാണ് റോയൽസിന്റെ എതിരാളികൾ. കൊൽക്കത്തയ്‌ക്കെതിരെ ടോസ് നേടിയ റോയൽസ് നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കൃത്യതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി. കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ, ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് എത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജേയ്സ്വാൾ 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിന്റെ റെക്കോർഡും കുറിച്ചിരുന്നു.
ബട്ട്‌ലർ പൂജ്യത്തിന് റൺഔട്ടായി മടങ്ങിയെങ്കിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു ജെയ്സ്വാളും സഞ്ജുവും ചേർന്ന് അവരെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 47 പന്തിൽ 13 ഫോറും 5 സിക്സും അടക്കം 98 റൺസോടെ ജെയ്സ്വാളും 29 പന്തിൽ 48 റൺസോടെ സഞ്ജുവും പുറത്താകാതെ നിന്നു. ഒരറ്റത്ത് ജെയ്‌സ്വാൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കുമ്പോൾ വേണമെങ്കിൽ സഞ്ജുവിന് സിംഗിളുകൾ എടുത്തുകൊണ്ട് അനായാസം വിജയത്തിൽ എത്താമായിരുന്നു. എങ്കിലും ടീമിന്റെ മികച്ച റൺറേറ്റ് ലക്ഷ്യംവച്ച് സഞ്ജുവും റിസ്ക്കെടുത്ത് കളിക്കാൻ തയ്യാറാവുകയായിരുന്നു. രണ്ട് ബൗണ്ടറിയും അഞ്ച് കൂറ്റൻ സിക്സുമാണ് അദ്ദേഹം പറത്തിയത്. അതോടെ വെറും 13.1 ഓവറിൽ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു.