ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് 9 വിക്കറ്റിന്റെ ഏകപക്ഷീയവിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടന്നു. 98 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ യശാസ്വി ജെയ്സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ആദ്യം ബാറ്റിങ്ങിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാലിന്റെ പന്തുകളിൽ കൊൽക്കത്ത താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ഇതിനിടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും ചഹാൽ സ്വന്തം പേരിലാക്കി. പേസർമാരായ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും സന്ദീപ് ശർമയും ആസിഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കൊൽക്കത്തയ്‌ക്കായി ആദ്യ ഓവർ എറിയാനെത്തിയ നായകൻ നിതീഷ് റാണയെ കടന്നാക്രമിച്ച ജെയ്സ്വൾ 26 റൺസാണ് അടിച്ചുകൂട്ടിയത്. എങ്കിലും രണ്ടാം ഓവറിലെ നാലാം പന്തിൽ അദ്ദേഹത്തിന്റെ അശ്രദ്ധമൂലം സഹഓപ്പണർ ജോസ് ബട്ട്ലർക്ക് റൺഔട്ട് ആകേണ്ടിവന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്ന ബട്ട്‌ലറിന്റെ ഇൻസൈഡ് എഡ്‌ജായി പാഡിൽ കൊണ്ട പന്ത്, പോയിന്റിലേക്ക് ഉരുണ്ടുനീങ്ങി. അത് ഫീൽഡർക്ക് അടുത്തേക്കാണ് പോയതെന്ന് കണ്ട ബട്ട്‌ലർ, കൈയുയർത്തി നോ റൺ പറയുന്നത് കാണാം.
എങ്കിലും അപ്പോഴേക്കും ജെയ്‌സ്വാൾ ബട്ട്‌ലറുടെ സമീപം എത്തിയിരുന്നു. തിരികെ നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടാതെ മുന്നോട്ട് തന്നെ ഓടുന്ന ജെയ്സ്വാളിനെ കണ്ട ബട്ട്‌ലർ, വേറെ നിവൃത്തിയില്ലാതെ സിംഗിളിനായി ഓടേണ്ടിവന്നു. ഞൊടിയിടയിൽ പന്ത് കൈക്കലാക്കിയ റസ്സലിന്റെ ബുള്ളറ്റ് ത്രോയിൽ വിക്കറ്റിൽ കൊള്ളുമ്പോൾ ബട്ട്‌ലർ ഫ്രെയിമിൽ പോലും ഉണ്ടായിരുന്നില്ല. സ്വന്തം വിക്കറ്റ് ത്യാഗം ചെയ്ത ബട്ട്ലറിന്റെ കനിവിൽ ജെയ്സ്വാൾ വെറും 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം കൈവരിച്ചു. 48 റൺസുമായി പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസൺ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.